ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ്; മൂന്ന് നഴ്‌സുമാരെ പിരിച്ചുവിട്ടു

ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ്; മൂന്ന് നഴ്‌സുമാരെ പിരിച്ചുവിട്ടു
സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് നേഴ്‌സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്പൂര്‍ നഗരത്തിള്ള ദൗ കല്യാണ്‍ സിംഗ് പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് സംഭവം. ദിവസ വേതന ജീവനക്കാരായി ജോലി ചെയ്യുന്ന നഴ്‌സുമാരാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് റീല്‍സെടുത്തത്. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

ആശുപത്രിയിലെ സ്റ്റാന്‍ഡേര്‍ഡ് റൂള്‍സ് അനുസരിച്ച്, ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്കുള്ളില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി അഞ്ചിന് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ വെച്ച് മൂവരും ചേര്‍ന്ന് റീല്‍ ചിത്രീകരിച്ചത് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു . കൂടാതെ റീല്‍ ഷൂട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ഒരു സീനിയര്‍ നഴ്‌സിനോട് മൂവരും മോശമായി പെരുമാറിയതായും പരാതിയുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇവര്‍ക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഹേമന്ത് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ ചിത്രീകരിച്ച വീഡിയോയില്‍ മൂന്ന് നേഴ്‌സുമാരും ചേര്‍ന്ന് ഒരു ഹിറ്റ് പാട്ടിന് ചുവടുവയ്ക്കുന്നത് കാണാം. നേരത്തെ ബാംഗ്ലൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ഇതിന് സമാനമായ സംഭവം ഉണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

ആശുപത്രി പരിസരത്ത് വെച്ച് വിദ്യാര്‍ത്ഥികള്‍ ഷൂട്ട് ചെയ്ത ഇന്‍സ്റ്റഗ്രാം റീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയായിരുന്നു നടപടി. ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

Other News in this category



4malayalees Recommends