വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണം നടപ്പിലാക്കി കാനഡ ; വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി കണക്കുകള്‍
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണം നടപ്പിലാക്കി തുടങ്ങി കാനഡ. താമസ പ്രതിസന്ധി ഉള്‍പ്പെടേയുള്ള പ്രതിസന്ധികള്‍ ശക്തമായ ഘട്ടത്തിലായിരുന്നു കനേഡിയന്‍ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. തിരഞ്ഞെുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തദ്ദേശീയ വികാരം ശമിപ്പിക്കാന്‍ കൂടെയായിരുന്നു നിയന്ത്രണം. നിയന്ത്രണം പ്രാബല്യത്തില്‍ വരുത്തിയതോടെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഈ വര്‍ഷം ഏകദേശം 292000 പെര്‍മിറ്റുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കാനഡയിലെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ വിസ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഗ്ലോബ് ആന്‍ഡ് മെയിലില്‍ വന്ന റിപ്പോര്‍ട്ടിലാണ് 292000 പെര്‍മിറ്റുകളാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുന്നത്.
ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ ആര്‍ സി സി) സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ക്ക് മൊത്തത്തിലുള്ള പരിധി ഏര്‍പ്പെടുത്തിയതോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ക്ക് മേല്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിലും കുറവ് എണ്ണം വിസകളാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രണ്ട് വര്‍ഷത്തിനുള്ളില്‍ അംഗീകൃത സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം 35% കുറയ്ക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഏകദേശം 360000 വിസകളായിരിക്കും അനുവദിക്കുകയെന്നായിരുന്നു ധാരണ. എന്നാല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെയാണ് 292000 പേര്‍ക്കായിരിക്കും വിസ അനുവദിക്കുകയെന്ന് വ്യക്തമാകുന്നത്. ഇത് വിദ്യാര്‍ത്ഥി സമൂഹത്തിന് തിരിച്ചടിയാകും.