ഏഴ് മാസം കൊണ്ട് വെയര്‍ഹൗസില്‍ നിന്ന് ഐഫോണുകളും മാക്ബുക്കുകളും ആപ്പിള്‍ വാച്ചുകളും ഉള്‍പ്പെടെ പത്ത് കോടിയിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച് മറിച്ചു വിറ്റു ; ജീവനക്കാരനെതിരെ നടപടി

ഏഴ് മാസം കൊണ്ട് വെയര്‍ഹൗസില്‍ നിന്ന് ഐഫോണുകളും മാക്ബുക്കുകളും ആപ്പിള്‍ വാച്ചുകളും ഉള്‍പ്പെടെ പത്ത് കോടിയിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച് മറിച്ചു വിറ്റു ; ജീവനക്കാരനെതിരെ നടപടി
ഏഴ് മാസം കൊണ്ട് വെയര്‍ഹൗസില്‍ നിന്ന് പത്ത് കോടിയിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച ജീവനക്കാരനെതിരെ കമ്പനി നിയമനടപടിയിലേക്ക്. ഐഫോണുകളും മാക്ബുക്കുകളും ആപ്പിള്‍ വാച്ചുകളും ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങളാണ് 30 വയസുകാരന്‍ ജോലി സ്ഥലത്തു നിന്ന് മോഷ്ടിച്ചത്. പിന്നീട് ഇവയെല്ലാം മറിച്ചുവില്‍ക്കുകയും ചെയ്തു.

കാനഡയില്‍ ആപ്പിള്‍ ഉത്പങ്ങളുടെ വിതരണ ശൃംഖലയൊരുക്കുന്ന കമ്പനിയായ യുപിഎസിലെ സോര്‍ട്ടിങ് സൂപ്പര്‍വൈസറാണ് കുറഞ്ഞ സമയം കൊണ്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കമ്പനി ഗോഡൗണില്‍ നിന്ന് മോഷ്ടിച്ച് വിറ്റത്. 30 വയസുകാരനായ ഓര്‍വില്‍ ബെല്‍ട്രാനോക്കെതിരെയാണ് ആരോപണം. മോഷണം, മോഷണ വസ്തുക്കളുടെ കള്ളക്കടത്ത്, മോഷണ വസ്തുക്കള്‍ കൈവശം വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ അന്വേഷണ ഏജന്‍സി ചുമത്തിയിരിക്കുന്നത്.

2023 ജൂലൈ മുതല്‍ 2024 ജനുവരി വരെയുള്ള സമയത്ത് വന്‍തോതില്‍ സാധനങ്ങള്‍ മോഷ്ടിച്ച്, ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഒരാള്‍ക്ക് വിറ്റുവെന്നാണ് പൊലീസ് കണ്ടെത്തിയത്. അസാധരാണമായ എണ്ണം സാധനങ്ങള്‍ ദിവസവും വെയര്‍ഹൗസില്‍ നിന്നാണ് കാണാതായതാണ് കമ്പനിയെ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.

നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ വെയര്‍ഹൗസില്‍ നിന്ന് ഇയാള്‍ ഐഫോണുകളും മാക്ബുക്കുകളും എടുത്തുകൊണ്ട് തന്റെ ഓഫീസിലേക്ക് പോകുന്നതായും പിന്നീട് അവ കാറിലേക്ക് മാറ്റുന്നതായും കണ്ടെത്തി. ഒരു ഷിഫ്റ്റില്‍ മാത്രം 120 ഐഫോണുകള്‍ നഷ്ടമായെന്നാണ് കമ്പനിയുടെ കണക്ക്. പിന്നീട് പരിശോധിച്ചപ്പോള്‍ ഇയാള്‍ ജോലിയിലുണ്ടായിരുന്ന ഷിഫ്റ്റുകളില്‍ മാത്രമാണ് സാധനങ്ങള്‍ നഷ്ടമായതെന്ന് തെളിഞ്ഞു.

സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ പ്രതി, വന്‍തുക ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായും ആഡംബര സൗകര്യങ്ങളുള്ള വീടും ഓഡി കാറുമൊക്കെ സ്വന്തമാക്കികയതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും പണവും ആഭരണങ്ങളും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി. 11 വര്‍ഷമായി ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ജനുവരി 22നാണ് പിരിച്ചുവിടപ്പെട്ടത്.

Other News in this category



4malayalees Recommends