ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധം, കുടിയേറ്റം നിയന്ത്രിക്കാന്‍ വിസ നിയമം കടുപ്പിക്കാന്‍ ന്യൂസിലന്‍ഡ്

ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധം, കുടിയേറ്റം നിയന്ത്രിക്കാന്‍ വിസ നിയമം കടുപ്പിക്കാന്‍ ന്യൂസിലന്‍ഡ്
കുടിയേറ്റം നിയന്ത്രിക്കാന്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ന്യൂസിലന്‍ഡ്. കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക, മിനിമം വൈദഗ്ധ്യവും തൊഴില്‍ പരിചയവും ഉറപ്പാക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ക്ക് താമസിക്കുന്നതിനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറയ്ക്കുക തുടങ്ങിയ മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരിക.

സെക്കന്‍ഡറി അധ്യാപകരെപ്പോലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ജോലികളില്‍ ന്യൂസിലന്‍ഡുകാര്‍ക്ക് മുന്‍ഗണന ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തങ്ങള്‍ക്ക് ആളുകളുടെ ദൌര്‍ലഭ്യം നേരിടുന്ന തൊഴില്‍ മേഖലകളിലേക്ക് ആളുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

51 ലക്ഷമാണ് ന്യൂസിലന്‍ഡിലെ ജനസംഖ്യ. 1,73,000 പേര്‍ കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിലേക്ക് കുടിയേറിയെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിന് ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതോടെ പണപ്പെരുപ്പ ഭീതിയിലാണ് രാജ്യം. രാജ്യത്തെ ഉയര്‍ന്ന കുടിയേറ്റ നിരക്കിനെക്കുറിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ ആസ്‌ട്രേലിയയും വിസ നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് തീരുമാനം.

Other News in this category4malayalees Recommends