ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറെ പരിഹസിച്ച് കാനേഡിയന്‍ കമ്പനി; വിമര്‍ശനമുയര്‍ന്നതോടെ ഒടുവില്‍ മാപ്പ് പറഞ്ഞു

ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറെ പരിഹസിച്ച് കാനേഡിയന്‍ കമ്പനി; വിമര്‍ശനമുയര്‍ന്നതോടെ ഒടുവില്‍ മാപ്പ് പറഞ്ഞു
ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറെ പരിഹസിച്ച കനേഡിയന്‍ ആക്‌സസറി ബ്രാന്‍ഡായ ഡീബ്രാന്‍ഡിനെതിരെ വിമര്‍ശനമുയരുന്നു. പൂനെ സ്വദേശിയായ ഭുവന്‍ ചിത്രാന്‍ഷിനെതിരെ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ഡീബ്രാന്‍ഡിന്റെ മാക്ബുക്ക് ആക്‌സസറിയെപ്പറ്റി എക്‌സില്‍ പരാതി നല്‍കവെയായിരുന്നു ചിത്രാന്‍ഷിനെ അധിക്ഷേപിച്ച് ഡീബ്രാന്‍ഡ് എത്തിയത്. ഡീബ്രാന്‍ഡിന്റെ മാക്ബുക്ക് കവറാണ് ചിത്രാന്‍ഷ് വാങ്ങിയത്. കവര്‍ വാങ്ങി രണ്ട് മാസം കൊണ്ട് തന്നെ അതിന്റെ നിറം മങ്ങി. ഇക്കാര്യമാണ് ചിത്രാന്‍ഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

''ഈ കവര്‍ വാങ്ങി 2 മാസം പോലും ആയില്ല. ഇതിന്റെ നിറം മങ്ങിത്തുടങ്ങി. ഞാന്‍ എന്ത് ചെയ്യണം?'', എന്ന് ചിത്രാന്‍ഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മാക്ബുക്ക് കവറിന്റെ ഫോട്ടോയും ചിത്രാന്‍ഷ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ പരാതിയ്ക്കുള്ള പ്രതികരണമായി ഡിബ്രാന്‍ഡ് ചിത്രാന്‍ഷിനെ പരിഹസിക്കുകയായിരുന്നു.

'' നിങ്ങളുടെ അവസാന പേര് ഷിറ്റ് (s**t) റാഷ് (rash) എന്നാണ്. വെറുതെ എന്തെങ്കിലുമൊക്കെ പറയാതെ സീരിയസ് ആയി സംസാരിക്കൂ,' എന്നായിരുന്നു ഡീബ്രാന്‍ഡ് നല്‍കിയ മറുപടി.

ഇത്തരം വംശീയ അധിക്ഷേപം നടത്തിയ കമ്പനിയ്‌ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഡീബ്രാന്‍ഡ് മാപ്പ് പറയണമെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു.

'' നിങ്ങള്‍ അതിര് കടന്നിരിക്കുന്നു. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല,'' എന്ന് ഒരാള്‍ കമന്റ് ചെയ്തു.

'' ഒരു വിദേശനാമത്തെ അപമാനിക്കുന്നത് ശരിയായ നടപടിയല്ല. ഒരു ബില്യണിലധികം ജനങ്ങളുള്ള ആ രാജ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഇനി ഓര്‍ഡര്‍ ലഭിക്കില്ലെന്ന് ഓര്‍ക്കണം,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

'' മറ്റൊരാളുടെ പേരിനെ ഇങ്ങനെ പരിഹസിക്കുന്നത് എന്തിനാണ്? നിങ്ങളുടെ പ്രശസ്തി ഇല്ലാതാക്കണോ? മോശം കാര്യമാണിത്,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

വിമര്‍ശനങ്ങള്‍ വ്യാപകമായതോടെ വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തി. ചിത്രാന്‍ഷിനോട് മാപ്പ് പറയുന്നുവെന്നും കൂടാതെ അദ്ദേഹത്തിനുണ്ടായ അപമാനത്തിന് 10000 ഡോളര്‍ ഓഫര്‍ ചെയ്യുന്നുവെന്നുമാണ് ഡിബ്രാന്‍ഡ് അറിയിച്ചത്.

എക്‌സിലാണ് കമ്പനി ഈ വിശദീകരണം നല്‍കി തടിതപ്പിയത്. തങ്ങള്‍ തമാശ പറഞ്ഞതാണെന്നും കസ്റ്റമേഴ്‌സിനോട് മുമ്പും ഇത്തരം തമാശകള്‍ പറയുമായിരുന്നുവെന്നും കമ്പനി എക്‌സില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

Other News in this category



4malayalees Recommends