പള്ളി നിര്‍മാണ ഫണ്ടിലേക്ക് ഒരാള്‍ സംഭാവന നല്‍കിയ കോഴി മുട്ടയില്‍ നിന്ന് സമാഹരിച്ചത് രണ്ടേകാല്‍ ലക്ഷം രൂപ. ജമ്മു കശ്മീരിലെ സോപോര്‍ പട്ടണത്തിലുള്ള മാല്‍പോരയില്‍ നാട്ടുകാര്‍ പള്ളി നിര്‍മാണത്തിനായി നടത്തിയ പിരിവാണ് വലിയ വാര്‍ത്തയായി മാറിയത്. ആളുകള്‍ പണമായും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളായുമൊക്കെ പള്ളി നിര്‍മാണത്തിന് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നതിനിടെയാണ്, കാര്യമായ സാമ്പത്തിക ശേഷിയില്ലാത്ത ഒരു യുവാവ് കോഴിമുട്ടയുമായി വന്നത്.
'അമ്മയോടൊപ്പം ജീവിക്കുന്ന, വീട്ടില്‍ മറ്റാരുമില്ലാത്ത ഒരു യുവാവാണ് കോഴിമുട്ടയുമായി പള്ളിക്കമ്മിറ്റി അധികൃതരെ സമീപിച്ചതെന്ന്' പ്രദേശവാസിയായ ഒരാള്‍ പറഞ്ഞു. എന്നാല്‍ മറ്റ് സാധനങ്ങളെപ്പോലെ തന്നെ ആ കോഴി മുട്ടയും അവര്‍ സ്വീകരിച്ചു. കിട്ടുന്ന സാധനങ്ങള്‍ അവിടെ തന്നെ വെച്ച് ലേലം ചെയ്യുന്നതായിരുന്നു ധനസമാഹരണത്തിന്റെ രീതി. കോഴി മുട്ടയും അക്കൂട്ടത്തില്‍ ലേലത്തിന് വെച്ചു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള സ്വീകാര്യതയാണ് ജനങ്ങള്‍ക്കിടയില്‍ ആ കോഴിമുട്ട ലേലത്തിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുട്ട വന്‍ തുകയ്ക്ക് ആളുകള്‍ ലേലത്തില്‍ പിടിക്കാന്‍ തുടങ്ങി. ലേലമുറപ്പിച്ച് കോഴിമുട്ട സ്വന്തമാക്കിയവര്‍ അത് വീണ്ടും പള്ളിയിലേക്ക് സംഭാവന ചെയ്തു. ആദ്യ ദിവസത്തെ ലേലത്തില്‍ തന്നെ 1.48 ലക്ഷം രൂപ ഇങ്ങനെ കോഴിമുട്ടയില്‍ നിന്ന് ലഭിച്ചു. മൂന്നാം ദിവസം വൈകുന്നേരം ആറ് മണിയോടെ മറ്റൊരു യുവാവ് 70,000 രൂപയ്ക്ക് മുട്ട ലേലത്തില്‍ വാങ്ങി കൊണ്ടുപോവുകയായിരുന്നത്രെ. അതിന് മുമ്പ് ആകെ അറുപതോളം പേരാണ് മുട്ട ലേലത്തില്‍ പിടിച്ച് തിരിച്ചേല്‍പ്പിച്ചത്. അവസാനം മുട്ട സ്വന്തമാക്കിയയാള്‍ നല്‍കിയ തുക ഉള്‍പ്പെടെ ആകെ കിട്ടിയത് 2,26,640 രൂപയും.
പല സാധനങ്ങള്‍ ലേലത്തില്‍ വച്ച് 10 ലക്ഷം രൂപ സമാഹരിച്ചു.