ഇറാന്റെ മിസൈല്‍ ആക്രമണത്തിന് സമയമാകുമ്പോള്‍ പകരം ചോദിക്കുമെന്ന് മന്ത്രി ,ഇറാനുമേല്‍ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏര്‍പ്പെടുത്തണമെന്ന് രക്ഷാസമിതിയില്‍ ഇസ്രായേല്‍ പ്രതിനിധി
ഇറാന്റെ മിസൈല്‍ ആക്രമണത്തിന് സമയമാകുമ്പോള്‍ പകരം ചോദിക്കുമെന്ന് ഇസ്രയേല്‍. ഇസ്രായേല്‍ മന്ത്രി ബെന്നി ഗാന്റ്‌സാണ് ഇക്കാര്യം പറഞ്ഞത്. ഇറാനുമേല്‍ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏര്‍പ്പെടുത്തണമെന്ന് രക്ഷാസമിതിയില്‍ ഇസ്രായേല്‍ പ്രതിനിധി ഗിലാദ് എര്‍ദാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്ന് ഇറാന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു. ഇസ്രയേല്‍ ഒറ്റയ്ക്കല്ലെന്ന് അമേരിക്കയും വ്യക്തമാക്കി.
അതിനിടെ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി7 രാജ്യങ്ങള്‍ യോഗം ചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ജി 7 രാജ്യ തലവന്‍ന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘര്‍ഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികള്‍ തുടരുമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. യുഎന്‍ സുരക്ഷാ സമിതിയും വിഷയം ചര്‍ച്ച ചെയ്യുകയാണ്. ഇറാനും ഇസ്രയേലും സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം ഇസ്രയേലിന്റെ തിരിച്ചടി മുന്നില്‍ കണ്ട് ഇറാന്‍ അതീവ ജാഗ്രതയിലാണ്.