നടന്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സഹായമായത് ബൈക്ക് വാങ്ങാന്‍ ഇവര്‍ ഉപയോഗിച്ച യഥാര്‍ത്ഥ തിരിച്ചറിയല്‍ കാര്‍ഡെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് മുംബൈയില്‍ എത്തിക്കും.
സല്‍മാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത് 48 മണിക്കൂറിനുള്ളില്‍ ഗുജറാത്തിലെ മാതാ നോ മദ് ഗ്രാമത്തില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വിക്കി ഗുപ്ത (24), സാഗര്‍ പാല്‍ (21) എന്നീ പ്രതികളെ കച്ച്‌വെസ്റ്റ്, മുംബൈ പൊലീസാണ് തിങ്കളാഴ്ച രാത്രി അറസ്റ്റു ചെയ്തത്. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് സല്‍മാന്റെ വീടിന് നേരെ വെടിയുതിര്‍ക്കാന്‍ പ്രതികളെ വാടകയ്‌ക്കെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചിരുന്നു.
ബിഹാറിലെ ചമ്പാരന്‍ സ്വദേശികളായ ഇവര്‍ ഫെബ്രുവരി 28ന് മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് യാത്രതിരിച്ചതായി മുംബൈ പൊലീസ് പറഞ്ഞു. സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ റായ്ഗഡിലെ പന്‍വേല്‍ നഗരത്തിന് സമീപമാണ് ഇവര്‍ വീട് വാടകയ്‌ക്കെടുത്തത്. ഏപ്രില്‍ രണ്ടിന്, വിക്കി ഗുപ്ത നവി മുംബൈയിലെ ഒരു ഇരുചക്രവാഹന ഏജന്റില്‍ നിന്ന് 24,000 രൂപയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് മോട്ടോര്‍സൈക്കിള്‍ വാങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, വെടിവയ്ക്കാനുള്ള പിസ്റ്റള്‍ അവരുടെ ഓപ്പറേറ്റര്‍ മുംബൈയില്‍ എത്തിച്ചുകൊടുത്തു.
സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നിലവാരമുള്ള ആയുധമാണ് ഉപയോഗിച്ചതെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. ബൈക്കിനു പിന്നിലിരുന്ന് പാല്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. വെടിയുതിര്‍ത്ത ശേഷം ബാന്ദ്രയിലെ മൗണ്ട് മേരി ചര്‍ച്ചിന് സമീപം ബൈക്ക് ഉപേക്ഷിച്ച് ലോക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബോറിവലിയിലേക്ക് പോകുന്ന ലോക്കല്‍ ട്രെയിനില്‍ പ്രതികള്‍ രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.