സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക ആരോഗ്യ പ്രശ്‌നമുള്ളയാളാണ് പ്രതിയെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചു. എന്നാല്‍ 90 മിനിറ്റോളം യാത്ര ചെയ്താണ് പ്രതി കൃത്യം നടത്താനെത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതിഭാഗം ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. ജൂണ്‍ 14ന് പരിഗണിക്കുന്നതാനായി കേസ് മാറ്റിവച്ചു.
അതേസമയം 16 കാരന്റെ വീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കിയെന്നും ഇലക്ട്രോണിക് ഉപകരണം ഉള്‍പ്പെടെ പിടിച്ചെടുത്തതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ തന്നെ പൊലീസ് ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് വ്യക്തമാക്കിയിരുന്നു.