സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം ; പ്രതി മുംബൈയില്‍ നിന്ന് കാറോടിച്ചെത്തി ; പത്തിലധികം സംസ്ഥാനങ്ങളില്‍ കേസുള്ള ഇര്‍ഷാദ് അറിയപ്പെടുന്നത് ' റോബിന്‍ഹുഡ്' എന്ന്

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം ; പ്രതി മുംബൈയില്‍ നിന്ന് കാറോടിച്ചെത്തി ; പത്തിലധികം സംസ്ഥാനങ്ങളില്‍ കേസുള്ള ഇര്‍ഷാദ് അറിയപ്പെടുന്നത് ' റോബിന്‍ഹുഡ്' എന്ന്
ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ ചിത്രം റോബിന്‍ ഹുഡ്ഡിലേതിനെ വെല്ലുന്ന മോഷണമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്നത്. കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറിയപ്പെടുന്നതും റോബിന്‍ ഹുഡ്ഡെന്നാണ്. പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയില്‍ നിന്ന് ഒറ്റയ്ക്ക് കാറോടിച്ചാണ് പ്രതി മുഹമ്മദ് ഇര്‍ഷാദ്, ജോഷിയുടെ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണ വജ്രാഭരണങ്ങളാണ് റോബിന്‍ ഹുഡ് സംവിധായകന്റെ വീട്ടില്‍ നിന്ന് ഈ റോബിന്‍ ഹുഡ് മോഷ്ടിച്ചത്. അതിവിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളെ പിന്തുടര്‍ന്ന് ഈ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ കേരളാ പൊലീസ് പിടികൂടുകയായിരുന്നു.

പത്തിലധികം സംസ്ഥാനങ്ങളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ബിഹാര്‍ സ്വദേശിയായ ഇര്‍ഷാദ്. മോഷണം നടത്തി മുംബൈയിലേക്ക് മടങ്ങാനായിരുന്നു പ്രതി മുഹമ്മദ് ഇര്‍ഷാദിന്റെ ശ്രമം. മോഷണശേഷം പ്രതി അതിര്‍ത്തി കടന്നുവെന്ന് മനസിലാക്കിയതോടെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയായിരുന്നു മുഹമ്മദ് ഇര്‍ഷാദിന്റെ അറസ്റ്റ്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ഇയാളെ കേരള പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ചയായിരുന്നു ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലെ വന്‍ കവര്‍ച്ച നടന്നത്. വീടിന്റെ മുകള്‍ നിലയിലെ അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. പ്രതി ഇര്‍ഷാദ് മുന്‍പും കേരളത്തില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കവടിയാറിലെ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കയറി ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലും ഇര്‍ഷാദ് പ്രതിയാണ്.

Other News in this category4malayalees Recommends