കോണ്‍ഗ്രസ് നേതാവും റായ്ബറേലി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധിയുടെ വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ സഹോദരന്‍ വിവാഹിതനും സന്തോഷവാനും പിതാവാകാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം.
'ഒരു സഹോദരിയെന്ന നിലയില്‍, എന്റെ സഹോദരന്‍ സന്തുഷ്ടനായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ഞാന്‍ ആഗ്രഹിക്കുന്നു.'പ്രിയങ്ക പറഞ്ഞു. രാഹുലിനെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന്റെ പ്രധാനമന്ത്രിയാക്കിയാല്‍ സന്തോഷിക്കുമോ എന്ന ചോദ്യത്തിനും പ്രിയങ്ക മറുപടി പറഞ്ഞു. ഇന്ത്യ ബ്ലോക് അധികാരത്തില്‍ വന്നാല്‍ ഇന്ത്യ മുന്നണിയാണ് അക്കാര്യം തീരുമാനിക്കുകയെന്നും പ്രിയങ്ക പ്രതികരിച്ചു.
'ഞങ്ങള്‍ രണ്ടുപേരും രാജ്യത്തുടനീളം പ്രചാരണം നടത്തുകയായിരുന്നു. ഞാന്‍ 15 ദിവസമായി ഇവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് കാണാം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളല്ലാത്തതിനാല്‍ ആരെങ്കിലും ഇവിടെ ഉണ്ടായിരിക്കണം. ഞങ്ങള്‍ ഇവിടെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെ ആളുകളുമായി ഞങ്ങള്‍ക്ക് കുടുംബ ബന്ധമുണ്ട്. ഞങ്ങള്‍ ഇവിടെ ഉണ്ടായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.