സെയില്‍സ് ജോലി ചെയ്യുന്ന അമ്മയുടെ മകന്‍ ഡോക്ടറായതിന്റെ സന്തോഷം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊല്ലം സ്വദേശിയായ അര്‍ജുന്റെയും അമ്മയുടെയും കഥയാണ് മന്ത്രി പങ്കുവെച്ചത്. 'അര്‍ജുനേ, നീ ഉയര്‍ന്നു പറക്കുക, ആ ചിറകുകള്‍ക്ക് ശക്തി പകരാന്‍ അമ്മയുണ്ടല്ലോ...' എന്നെഴുതിയാണ് മന്ത്രി കുറിപ്പ് തുടങ്ങുന്നത്. മറ്റു കുട്ടികള്‍ക്ക് അര്‍ജുന്‍ ഒരു മാതൃകയാണെന്നും മന്ത്രി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഈ സന്തോഷം പങ്കുവെച്ചത്. അര്‍ജുന്റെ പോസ്റ്റ് പങ്കുവെച്ചായിരുന്നു മന്ത്രിയുടെ കുറിപ്പ്.
അര്‍ജുനേ, നീ ഉയര്‍ന്നു പറക്കുക, ആ ചിറകുകള്‍ക്ക് ശക്തി പകരാന്‍ അമ്മയുണ്ടല്ലോ.. കുഞ്ഞുങ്ങളേ, ഇതാ അതിജീവനത്തിന്റെ മറ്റൊരു മാതൃക.. ഏറെ സ്‌നേഹത്തോടെ അര്‍ജുന്‍ ബിയുടെ പോസ്റ്റ് പങ്കുവെക്കുന്നു...
ചുവന്ന കോട്ടും വെള്ള കോട്ടും.......കാഴ്ചയില്‍ രണ്ടും തമ്മില്‍ ഒരുപാട് വ്യതിയാനം ഉണ്ടായിരിക്കാം. പക്ഷേ ആ ചുവന്ന കോട്ട് അനുഭവിച്ച വേദനകളുടെയും ത്യാഗത്തിന്റെയും ഭലമാണ് ഈ വെള്ള കോട്ട്. തന്റെ ചോര നീരാക്കി ചുവന്ന കോട്ട് തന്ന വെണ്മയാണ് ഈ വെള്ള കോട്ട്. വര്‍ഷങ്ങള്‍ എത്ര കടന്നു പോയിട്ടും ചുവന്ന കോട്ട് എന്നും വെള്ള കോട്ടിനു വേണ്ടി താങ്ങായും തണലായും നിക്കുന്നു. ആളുകള്‍ എത്ര കളിയാക്കിയിട്ടും ചുവന്ന കോട്ട് തന്റെ വഴിയില്‍ നിന്നും പിന്മാറിയില്ല വെള്ള കോട്ടിനായി ഓടിക്കൊണ്ടിരുന്നു.. ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് ?? അതിന്റെ credit ഒരു ദൈവത്തിനും കൊടുക്കാന്‍ ഈ വെള്ള കോട്ട് തയ്യാറുമല്ല എന്നാണ് അര്‍ജുന്റെ പോസ്റ്റ്.