ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍
പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയുടെ മുഴുവന്‍ പതിപ്പ് ട്രെയിനിലിരുന്നു ആസ്വദിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
'ഇന്നലെ ലോകമെമ്പാടും റിലീസ് ആയ #ഗുരുവായൂരമ്പലനടയില്‍ ചിത്രത്തിന്റെ വീഡിയോ ആണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്‌സ്പ്രസ് ട്രെയിനില്‍ ഒരു മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വീഡിയോ എന്റെ കയ്യില്‍ കിട്ടുമ്പോള്‍ അവന്‍ നമ്മുടെ കയ്യില്‍ നിന്നും മിസ്സായി. ഇപ്പോള്‍ ഏകദേശം ആ ട്രെയിന്‍ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തീയേറ്ററില്‍ എത്തിയിട്ട് മണിക്കൂറുകള്‍ മാത്രം. പണം മുടക്കുന്ന നിര്‍മ്മാതാവിന് അതിനേക്കാള്‍ വേദനയും.ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുന്‍പില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ് എന്നും മഞ്ജിത് ഫേസ്ബുക്കില്‍ കുറിച്ചു.