എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ചികിത്സയ്ക്ക് മാപ്പ് പറയാന്‍ ഒരുങ്ങി ഋഷി സുനാക്. ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ചത് വഴി ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമാകുകയും, ജീവിതം വഴിമുട്ടുകയും ചെയ്തത്. വിവിധ ഗവണ്‍മെന്റുകള്‍ ഈ സംഭവത്തെ അവഗണിച്ചത് ഉള്‍പ്പെടെ വിമര്‍ശിച്ച് ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇരിക്കുകയാണ്.
ഗവണ്‍മെന്റിന്റെ പേരില്‍ പ്രധാനമന്ത്രി ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കും. ഏതാണ്ട് 3000 പേരുടെ ജീവനാണ് ഈ വീഴ്ചയില്‍ നഷ്ടമായത്. നിരവധി പേരുടെ ജീവിതം ഇപ്പോഴും ഇതുമൂലം ദുരിതത്തിലാണ്. ഈ സംഭവത്തിന്റെ പേരില്‍ 10 ബില്ല്യണിലേറെ വരുന്ന നഷ്ടപരിഹാര സ്‌കീമിനും മന്ത്രിമാര്‍ തുടക്കമിടും.
ഹെല്‍ത്ത് സര്‍വ്വീസിന്റെ ചരിത്രത്തിലെ നാണക്കേടായി മാറിയ സംഭവത്തില്‍ എന്‍എച്ച്എസ് മേധാവി അമാന്‍ഡ പ്രിച്ചാര്‍ഡും ഖേദം അറിയിക്കും. 2018ല്‍ ആരംഭിച്ച പൊതു അന്വേഷണത്തിനൊടുവില്‍ മുന്‍ ഹൈക്കോടതി ജഡ്ജ് ബ്രയാന്‍ ലാംഗ്‌സ്റ്റാഫ് തന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ഹിയറിംഗ് തുടങ്ങിയ ശേഷം മാത്രം 710 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്.
എച്ച്‌ഐവിയും, ഹെപ്പറൈറ്റിസ് സിയും പോലുള്ള വൈറസുകള്‍ ഉള്‍പ്പെട്ടതായി മുന്നറിയിപ്പ് ലഭിച്ചിട്ടും വര്‍ഷങ്ങളോളം ഈ രക്ത ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തെന്നാണ് കണ്ടെത്തല്‍. ഈ വിഷയത്തില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും, എന്‍എച്ച്എസും രൂക്ഷവിമര്‍ശനം നേരിടേണ്ടി വരും. ഈ രക്ത ഉത്പന്നങ്ങളിലൂടെ 3000-ഓളം പേരാണ് എച്ച്‌ഐവി, ഹൈപ്പറൈറ്റിസ് സി രോഗബാധിതരായത്.