ബൈക്ക് യാത്രികരായ രണ്ട് പേരെ സ്‌പോര്‍ട്‌സ് കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ സംഭവം ; മദ്യലഹരിയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ച 17 കാരനെ വിചാരണ ചെയ്യണമെന്ന് ആവശ്യം
ബൈക്ക് യാത്രികരായ രണ്ട് പേരെ സ്‌പോര്‍ട്‌സ് കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 17 വയസ്സുകാരനെ പ്രായപൂര്‍ത്തിയായ നിലയില്‍ വിചാരണ ചെയ്യണമെന്ന് പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. കല്യാണി നഗര്‍ ഏരിയയില്‍ ഇരുചക്രവാഹനത്തില്‍ പോയ ദമ്പതികളുടെ മേല്‍ പോര്‍ഷെ ഇടിച്ച കൗമാരക്കാരന് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കമ്മീഷണറുടെ പ്രസ്താവന. കഴിഞ്ഞദിവസം മദ്യലഹരിയിലായിരുന്ന കൗമാരക്കാരന് 14 മണിക്കൂറിനുള്ളില്‍ പ്രാദേശിക കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ അപകടത്തിന് വഴിവെച്ച പോര്‍ഷെ ഓടിച്ച കൗമാരക്കാരന്‍ മദ്യപിച്ചിരുന്നതിന്റെ തെളിവുകളും പുറത്ത് വന്നു. അപകടത്തിന് മുമ്പ് പ്രതിയായ കൗമാരക്കാരനും സുഹൃത്തുക്കളും ഒരു ബാറില്‍ ഇരുന്ന് മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയായ പ്രായപൂര്‍ത്തിയാകാത്തയാളെയും സുഹൃത്തുക്കളെയും വഴിയാത്രക്കാര്‍ കാറില്‍ നിന്ന് പുറത്തിറക്കി മര്‍ദ്ദിക്കുന്നതായി കാണാം.
'റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും' എന്ന വിഷയത്തില്‍ 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതുന്നത് ഉള്‍പ്പെടെയുള്ള ചില വ്യവസ്ഥകളോടെയാണ് വിട്ടയച്ചത്. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ രണ്ട് പ്രകാരം നിര്‍വ്വചിച്ചിരിക്കുന്ന ഹീനമായ കുറ്റകൃത്യമായതിനാല്‍ പ്രതിയെ പ്രായപൂര്‍ത്തിയായ ആളായി കണക്കാക്കാന്‍ കോടതിയെ സമീപിച്ചിരുന്നുവെന്ന് സി പി അമിതേഷ് കുമാര്‍ പറഞ്ഞു. കോടതി അപേക്ഷ നിരസിച്ചുവെന്നും ഉത്തരവിനെതിരെ ഇന്നലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ!ര്‍ത്തു.
ഈ മാസം 19ാംതീയതിയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കല്യാണി നഗര്‍ ഭാഗത്ത് അമിതവേഗതയില്‍ പോര്‍ഷെ ഓടിച്ചുവരികയായിരുന്നു കൗമാരക്കാരന്‍. അമിത വേഗതയില്‍ എത്തിയ പോര്‍ഷെ ഇരുചക്രവാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാരായ ദമ്പതികള്‍ മരിച്ചത്. കാര്‍ പിതാവിന്റെ പേരിലാണെന്നും നമ്പര്‍ പ്ലേറ്റില്ലായിരുന്നുെവന്നും പൊലീസ് പറഞ്ഞു. അനീഷ് അവാധ്യ, ഇയാളുടെ പങ്കാളി അശ്വിനി കോഷ്ത എന്നിവരാണ് മരിച്ചത്. 24 വയസുള്ള ഇരുവരും ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. അപകടം സംഭവിച്ച ഉടനെ തന്നെ ഇരുവരേയും അവധ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.