അഖിലേഷ് യാദവിനെ കാണാന്‍ തിക്കും തിരക്കും ; പൊലീസ് ലാത്തി വീശി,സമാജ്‌വാദി പാര്‍ട്ടി തിരഞ്ഞെടുപ്പ് യോഗത്തില്‍ അണികളുടെ ആവേശം അതിരുവിട്ടു

അഖിലേഷ് യാദവിനെ കാണാന്‍ തിക്കും തിരക്കും  ; പൊലീസ് ലാത്തി വീശി,സമാജ്‌വാദി പാര്‍ട്ടി തിരഞ്ഞെടുപ്പ് യോഗത്തില്‍ അണികളുടെ ആവേശം അതിരുവിട്ടു
ഉത്തര്‍പ്രദേശിലെ അസംഗഡില്‍ സമാജ്‌വാദി പാര്‍ട്ടി തിരഞ്ഞെടുപ്പ് യോഗത്തില്‍ അണികളുടെ ആവേശം അതിരുവിട്ടതോടെ പൊലീസ് ലാത്തിവീശി. അഖിലേഷ് യാദവ് എത്തിയതോടെ ആവേശഭരിതരായ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്നതാണ് ലാത്തിചാര്‍ജിലേക്ക് നയിച്ചത്. ലാല്‍ഗഞ്ച് മണ്ഡലത്തിലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചാണ് അധ്യക്ഷന്‍ അഖിലേഷ് യാദവ് വേദിയില്‍ എത്തിയത്. ഇതോടെ മണിക്കൂറുകളായി കാത്ത് നിന്ന അണികളില്‍ ആവേശം നിറഞ്ഞു.

അഖിലേഷിനെ അടുത്ത് കാണാന്‍ പ്രവര്‍ത്തകര്‍ ഉന്തും തള്ളും ഉണ്ടാക്കി. ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. നേതാക്കളുടെ അഭ്യര്‍ത്ഥനയും കേള്‍ക്കാതെ ബാരിക്കേഡ് മറികടന്ന് ആളുകള്‍ വേദിയിലേക്ക് ഇരച്ചെത്തി. സ്ഥിതി കൈവിട്ടതോടെയാണ് പൊലീസ് ലാത്തി വീശിയത്. നേതാക്കളുടെ സുരക്ഷ മുന്നില്‍ കണ്ടായിരുന്നു പൊലീസ് നടപടി. ലാത്തി ചാര്‍ജോടെ സാഹചര്യം നിയന്ത്രണ വിധേയമായി. തുടര്‍ന്ന് ഇന്‍ഡ്യ സഖ്യത്തിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച ശേഷമാണ് അഖിലേഷ് മടങ്ങിയത്. നേരത്തെ പ്രയാഗ് രാജില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷും പങ്കെടുത്ത യോഗ വേദിക്ക് തൊട്ടരികെ വരെ ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞതോടെ നേതാക്കള്‍ വേദി വിട്ടിരുന്നു.

Other News in this category



4malayalees Recommends