പൂനെ പോര്‍ഷെ അപകടം; 17കാരന്റെ മുത്തച്ഛന് ഛോട്ടാ രാജനുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്

പൂനെ പോര്‍ഷെ അപകടം; 17കാരന്റെ മുത്തച്ഛന് ഛോട്ടാ രാജനുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്
പൂനെ കല്യാണി നഗര്‍ ഏരിയയില്‍ ആഡംബര കാര്‍ ഇടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ പ്രതിയായ 17കാരന്റെ മുത്തച്ഛന്റെ ക്രിമിനല്‍ ബന്ധം പുറത്തും. 'മോശം കൂട്ടുകെട്ടില്‍' നിന്ന് കുട്ടിയെ അകറ്റി നിര്‍ത്താമെന്ന മുത്തച്ഛന്റെ ഉറപ്പിലായിരുന്നു നേരത്തെ 17കാരന് ജാമ്യം അനുവദിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് മുത്തച്ഛന്റെ ക്രിമിനല്‍ ബന്ധവും പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം 17കാരന്റെ ജാമ്യം റദ്ദാക്കിയിരുന്നു. മെയ് 19ന് നടന്ന സംഭവത്തില്‍ 15 മണിക്കൂറിനുള്ളില്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നല്‍കിയതിന് വലിയ തരത്തിലുള്ള ജനരോഷത്തിന് കാരണമായി. ഇതിനിടിയിലാണ് കുട്ടിയുടെ മുത്തച്ഛന് അധോലോക ഗുണ്ടാസംഘത്തിന്റെ നേതാവ് ഛോട്ടാ രാജനുമായി ബന്ധമുണ്ടെന്ന വിവരം പുറത്ത് വരുന്നത്. ഗുണ്ടാസംഘത്തിന് പണം നല്‍കിയെന്നാരോപണമുള്ള ഷൂട്ടൗട്ട് കേസില്‍ ഇയാള്‍ വിചാരണ നേരിടുകയാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

കുടുംബ ബിസിനസുമായി ബന്ധപ്പെട്ട് ശിവസേന കോര്‍പ്പറേറ്ററായിരുന്ന അജയ് ഭോസാലെയെ വിധിക്കാന്‍ കുട്ടിയുടെ മുത്തച്ഛന്‍ ഛോട്ടാ രാജന്റെ സംഘത്തിലെ ഒരു വാടക ഗുണ്ടായുടെ സഹായം തേടിയതിന് പൂനെ പൊലീസ് കേസെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മുത്തച്ഛനെതിരെ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഭോസാലെയെ കൊലപ്പെടുത്താന്‍ ഛോട്ടാ രാജന് 2009ല്‍ കരാര്‍ നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഭോസാലെക്ക് തന്റെ സഹോദരനുമായി ബിസിനസ് ബന്ധമുള്ളതായി അദ്ദേഹം സംശയിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഭോസാലെയെ ഇല്ലാതാക്കാന്‍ അദ്ദേഹം ഗുണ്ടാസംഘത്തോട് ആവശ്യപ്പെട്ടുന്നത്. കൊറേഗാവ് പാര്‍ക്കിലൂടെ വാഹനത്തില്‍ സഞ്ചാരിക്കുമ്പോളാണ് വാടകഗുണ്ട ഭോസാലെയുടെ കാറിന് നേരെ വെടിയുയര്‍ക്കുന്നത്. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഭോസാലെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കുട്ടിയുടെ കുടുംബത്തിന്റെ ഇത്തരം ബന്ധങ്ങള്‍ സമഗ്രമായി അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പുനല്‍കി.കാറോടിച്ച 17കാരനെ 25 വയസ് വരെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് വിലക്കിയതായി ഗതാഗത കമ്മിണര്‍ വിവേക് ഭിമന്‍വാര്‍ പറഞ്ഞു. അപകടമുണ്ടാക്കിയ പോര്‍ഷെ ടയ്കാന്‍ കാറിന് രജിസ്‌ട്രേഷന്‍ ഇല്ലെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 1758 രൂപ ഫീസ് അടയ്ക്കാത്തതിനാലാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകാത്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends