സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴ; ഡ്രൈ ഡേ ഒഴിവാക്കാനും സമയം കൂട്ടാനും പണം ആവശ്യപ്പെട്ടുള്ള സംഘടനാ നേതാവിന്റെ ഓഡിയോ പുറത്ത്

സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴ; ഡ്രൈ ഡേ ഒഴിവാക്കാനും സമയം കൂട്ടാനും പണം ആവശ്യപ്പെട്ടുള്ള സംഘടനാ നേതാവിന്റെ ഓഡിയോ പുറത്ത്
മദ്യനയത്തില്‍ ഇളവ് ലഭിക്കാന്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം.

രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കണമെന്നാണ് പുറത്തുവന്ന സന്ദേശത്തില്‍ നിര്‍ദേശിക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം (സമയ പരിധി രാത്രി 11 ല്‍ നിന്നും 12 ലേക്ക്) ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോന്‍ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.

'പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ നല്‍കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യ നയം വരും. അതില്‍ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാന്‍ കൊടുക്കേണ്ടത് കൊടുക്കണം'. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോന്‍ പറയുന്നു. സഹകരിച്ചില്ലേല്‍ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശത്തിലുണ്ട്. ഏകീകൃത രൂപത്തില്‍ പണപിരിക്കണമെന്നും അനിമോന്‍ പറയുന്നുണ്ട്.

ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്‍കിയത്. ചിലര്‍ വ്യക്തിപരമായി പണം നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് ശബ്ദ സന്ദേശത്തിലുണ്ട്. പണം നല്‍കിയ ഇടുക്കിയിലെ ഒരു ബാര്‍ ഹോട്ടലിന്റെ പേരും ഇടുക്കി ജില്ലാ പ്രസിഡണ്ട് വെളിപ്പെടുത്തുന്നു. അതേസമയം ശബ്ദരേഖ നിഷേധിക്കാതെ, പരിശോധിക്കണമെന്ന് പറഞ്ഞ് അനിമോന്‍ ഒഴിഞ്ഞുമാറി.

ഡ്രൈ ഡെ ഒഴിവാക്കല്‍, ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. യുഡിഎഫ് ഭരണ കാലത്ത് ബാര്‍കോഴ പ്രതിപക്ഷമായ എല്‍ഡിഎഫ് വന്‍തോതില്‍ ഉയര്‍ത്തിയിരുന്നു. ഇന്ന് ഇടത് ഭരണകാലത്തെ മദ്യനയമാറ്റ സമയത്താണ് വീണ്ടും കോഴ ചര്‍ച്ചയാകുന്നത്.

Other News in this category



4malayalees Recommends