നാല് സ്ഥാപനങ്ങളില്‍ നിന്ന് ആര്യയുടെ പേരില്‍ ലോണ്‍; ഉപദ്രവം സഹിക്കാതെ മകള്‍ ആത്മഹത്യ ചെയ്തത് ; യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം
വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം സ്വദേശി ആര്യ കൃഷ്ണ (22)യെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി കുടുംബം. സംഭവത്തില്‍ ആര്യയുടെ ഭര്‍ത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തില്‍ ആശിഷിനെ (22) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് ആര്യയുടെ പിതാവ് അനില്‍ കുമാര്‍ പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തില്‍ ഗാര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയത്തില്‍ അനില്‍കുമാറിന്റെയും ശകുന്തളയുടെയും മകള്‍ ആര്യ കൃഷ്ണയെ പയ്യനാമണ്ണിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തതെങ്കിലും ആശിഷിന്റെ പ്രേരണ വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആശിഷിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് ആര്യയും ആശിഷും വിവാഹിതരായത്. ഇവര്‍ക്ക് ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.
ആശിഷ് നാല് സ്ഥാപനങ്ങളില്‍ നിന്ന് ആര്യയെ കൊണ്ട് വായ്പയെടുപ്പിച്ചിരുന്നു. പുതിയ കാറെടുക്കാന്‍ വായ്പയ്ക്ക് ആര്യയുടെ വീടിന്റെ കരമടച്ച രസീത് ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ ആര്യ ഇതു നല്‍കിയില്ല. സംഭവത്തിന്റെ തലേദിവസം പുതിയ കാര്‍ വാങ്ങാനുള്ള വായ്പയുടെ കാര്യം തിരക്കാനായി പത്തനംതിട്ടയില്‍ പോയ സമയം വാക്കുതര്‍ക്കമുണ്ടായി. അടുത്ത ദിവസം രാവിലെ മാതാപിതാക്കളുമായി ലോണ്‍ തരപ്പെടുത്താനായി ആശിഷ് പോയ സമയത്താണ് ആര്യ ജീവനൊടുക്കുന്നത്. അതിനു മുന്‍പ് ആര്യ അര മണിക്കൂറോളം അമ്മയുമായി സംസാരിച്ചിരുന്നു. അമ്മ ആവശ്യപ്പെട്ടിട്ടും ആശിഷിനെതിരെ ആര്യ പരാതി നല്‍കിയിരുന്നില്ല. ആശിഷ് ജോലിക്ക് പോകാറില്ലെന്നും അമിതമദ്യപാനമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.