പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജന് വെള്ളിയാഴ്ച കാനഡയിലെ സറേയില്‍ വെടിയേറ്റ് മരിച്ചു. 2019 ല്‍ വിദ്യാര്‍ത്ഥി വീസയില്‍ കാനഡയിലെത്തിയ യുവരാജ് ഗോയലാണ് (28)കൊല്ലപ്പെട്ടത്. കനേഡിയന്‍ പെര്‍മനന്റ് റസിഡന്റ് കരസ്ഥമാക്കിയ യുവരാജ് സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു.
അച്ഛന് രാജേഷ് ഗോയല്‍ വിറക് കച്ചവടം നടത്തുന്നു, അമ്മ ശകുന്‍ ഗോയല്‍ വീട്ടമ്മയാണ്. യുവരാജിന് ക്രിമിനല്‍ റെക്കോര്‍ഡില്ലെന്നും കൊലപാതക കാരണം അന്വേഷിക്കുകയാണെന്നും കനേഡിയന്‍ പൊലീസ് പറഞ്ഞു.
ജൂണ്‍ 7ന് രാവിലെ 8.46ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ 164 സ്ട്രീറ്റിലെ 900 ബ്ലോക്കില്‍ വെടിവയ്പ്പ് നടക്കുന്നതായി സറേ പൊലീസിന് കോള്‍ ലഭിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ യുവരാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലു പ്രതികളെ കസ്റ്റഡിയിലെടുത്തു. സറേയില്‍ നിന്നുള്ള മന്‍വീര്‍ ബസ്റം(23), സാഹിബ് ബസ്ര( 20), ഹര്‍കിരത് ജുട്ടി (23) ഒന്റാരിയോയിലെ കെയ്ലോണ്‍ ഫ്രാങ്കോയിസ് (20) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി.