പന്തീരാങ്കാവ് കേസില്‍ പെണ്‍കുട്ടി മൊഴിമാറ്റി ; പിന്നാലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍

പന്തീരാങ്കാവ് കേസില്‍ പെണ്‍കുട്ടി മൊഴിമാറ്റി ; പിന്നാലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചു. മൊഴിമാറ്റത്തോടെ, പ്രമാദമായ കേസ് നാടകീയമായ വഴിത്തിരിവിലേയ്ക്കാണ് പോകുന്നത്. രാഹുലിനെതിരെ നേരത്തെ നല്‍കിയ മൊഴി യുവതി ഇന്നലെ തിരുത്തിയിരുന്നു. ദുര്‍ബലമായ കേസാണെന്നാണ് പ്രതിഭാഗം പറയുന്നത്. രാഹുലിനെ സഹായിച്ചതിന്റെ പേരില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ പെണ്‍കുട്ടിയുടെ നാടകീയമായ മൊഴിമാറ്റം. രാഹുലിനെതിരെയുള്ള ആരോപണം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നുണ പറഞ്ഞതാണെന്ന് പെണ്‍കുട്ടി പറഞ്ഞു.

എഫ്‌ഐആര്‍ റദ്ദ് ചെയ്യുന്നതിനുള്ള സത്യവാങ്മൂലം പെണ്‍കുട്ടി ഒപ്പിട്ടു നല്‍കിയതായാണ് സൂചന. ഇതിനു പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് തികഞ്ഞ അലംഭാവം കാട്ടിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കുറ്റപ്പെടുത്തി. പ്രധാന തെളിവായ വൂണ്ട് സര്‍ട്ടിഫിക്കറ്റ് പോലും ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. രണ്ടു പൊലീസുകാരെ ബലിയാടാക്കി എന്നും അഡ്വക്കേറ്റ് ഷമീം പറഞ്ഞു.

പ്രതി രാഹുലിനെ ന്യായീകരിച്ചു കൊണ്ടുളള വീഡിയോയുമായി പരാതിക്കാരി പെണ്‍കുട്ടി ഇന്നലെ രംഗത്ത് എത്തിയിരുന്നു. മാറി നിന്നതില്‍ ദുരൂഹതയില്ല. മനസ്സമാധാനത്തിന് വേണ്ടിയാണ് മാറി നിന്നത്. താന്‍ സുരക്ഷിതയാണെന്നും യുവതി അറിയിച്ചു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. വീട്ടില്‍ നിന്നും മാറിനിന്നത് സമ്മര്‍ദ്ദം മൂലമാണ്. ബന്ധുക്കളുടെ ആത്മഹത്യാഭീഷണി മൂലമാണ് നുണ പറയേണ്ടി വന്നതെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

Other News in this category



4malayalees Recommends