കുവൈത്ത് തീപിടുത്തം; മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി ജോലിക്കായി എത്തിയത് കഴിഞ്ഞ ദിവസം ; ഞെട്ടലില്‍ നാട്

കുവൈത്ത് തീപിടുത്തം; മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി ജോലിക്കായി എത്തിയത് കഴിഞ്ഞ ദിവസം ; ഞെട്ടലില്‍ നാട്
കുവൈത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഏവരും. കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ചവരിലേറെയും ഇന്ത്യക്കാരാണ്. ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അവരില്‍ 40 ഇന്ത്യക്കാരാണുള്ളത്. ഇവരില്‍ 12 പേര്‍ മലയാളികളാണ്.

അതിനിടെ, തീപിടിത്തത്തില്‍ മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി ജോലിക്കായി കുവൈത്തില്‍ എത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ശ്രീഹരിയുടെ മരണ വാര്‍ത്ത കേട്ട നടുക്കത്തിലാണ് ഒരു നാട്. മെക്കാനിക്കല്‍ എഞ്ചിനിയറായി ജൂണ്‍ അഞ്ചിനാണ് ശ്രീഹരി ജോലിയില്‍ പ്രവേശിച്ചത്. അതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്.

ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയാണ് 27കാരനായ ശ്രീഹരി. ഇത്തിത്താനം ഇളംകാവ് കിഴക്കേട്ടത്ത് വീട്ടില്‍ പ്രദീപ് ദീപ ദമ്പതികളുടെ മകനാണ്. പിതാവ് പ്രദീപും കുവൈത്തിലാണ് ജോലി ചെയ്യുന്നത്. തീപിടിത്തത്തിന് ശേഷം ശ്രീഹരിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം സ്ഥിരീകരിച്ചത്. പ്രദീപാണ് വിവരം ഇന്ന് രാവിലെ നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

അതേസമയം, കുവൈത്തിലെ തീപിടുത്തമുണ്ടായ കെട്ടിടം പ്രവര്‍ത്തിക്കുന്നത് മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ കമ്പനി എന്‍ബിടിസിയുടെ കീഴിലാണെന്നാണ് വിവരം. മാംഗാഫ് മേഖലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ബുധനാഴച്ച രാവിലെയോടെയാണ് തീപടര്‍ന്നത്.

ഏകദേശം 200 ജീവനക്കാര്‍ ഈസമയം ഈ ആറു നില കെട്ടിടത്തില്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയിലെ ജോലിക്കാരായ താമസക്കാര്‍ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു തീപിടുത്തം. കൂടുതല്‍ പേരും പുക ശ്വസിച്ചുണ്ടായ ശ്വാസം മുട്ടല്‍ മൂലമാണ് മരിച്ചതെന്നും രക്ഷപ്പെടാനുള്ള വാതിലുകള്‍ തുറക്കാനായില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കുവൈറ്റ് അധികൃതര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു.
Other News in this category4malayalees Recommends