കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് സമ്മതിച്ച് പ്രധാനമന്ത്രി; ഡി-ഡേ ദിനത്തിലെ അബദ്ധത്തിന് ഖേദപ്രകടനം; ബ്രിട്ടന് വേണ്ടി പണിയെടുക്കും, പദ്ധതികള്‍ നടപ്പാക്കുമെന്ന് ഋഷി; തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു

കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് സമ്മതിച്ച് പ്രധാനമന്ത്രി; ഡി-ഡേ ദിനത്തിലെ അബദ്ധത്തിന് ഖേദപ്രകടനം; ബ്രിട്ടന് വേണ്ടി പണിയെടുക്കും, പദ്ധതികള്‍ നടപ്പാക്കുമെന്ന് ഋഷി; തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു
ഡി-ഡേ ദിനത്തിലെ അബദ്ധത്തിന് ഖേദം പ്രകടിപ്പിച്ച് ഋഷി സുനാക്. ഒപ്പം ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ എണ്ണം വളരെ ഉയര്‍ന്നതാണെന്നും പ്രധാനമന്ത്രി സമ്മതിച്ചു. അതേസമയം താന്‍ ബ്രിട്ടന് വേണ്ടി കാര്യങ്ങള്‍ ചെയ്ത് കാണിക്കുമെന്നും, അത് സ്റ്റാര്‍മര്‍ക്ക് സാധിക്കില്ലെന്നും സുനാക് ചൂണ്ടിക്കാണിച്ചു.

സ്‌കൈ ന്യൂസ് സംവാദത്തിന് മുന്‍പായി പൊളിറ്റിക്കല്‍ എഡിറ്റര്‍ ബെത്ത് റിഗ്ബി പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പോളിംഗ് ദിനത്തിലേക്ക് കേവലം മൂന്നാഴ്ച മാത്രം അവശേഷിക്കുമ്പോഴാണ് ഇത്. കീര്‍ സ്റ്റാര്‍മര്‍ക്ക് നേരെയാണ് ആദ്യം ചോദ്യങ്ങള്‍ ഉന്നയിച്ചത്.

സ്റ്റാര്‍മറെ എങ്ങനെ വിശ്വസിക്കാന്‍ കഴിയുമെന്ന് ചോദ്യം ഉയര്‍ന്നു. ബ്രക്‌സിറ്റ് വോട്ടിന് ശേഷം നെറ്റ് മൈഗ്രേഷന്‍ ഉയര്‍ന്നതായി ഋഷി സമ്മതിച്ചു.അതേസമയം രാഷ്ട്രീയ റോബോട്ടാണ് സ്റ്റാര്‍മറെന്ന പരാമര്‍ശനം ലേബര്‍ നേതാവിനെ നിശബ്ദനാക്കി. സംവാദത്തിന് ഒടുവില്‍ കീര്‍ വിജയിച്ചതായി 64% പേരാണ് യൂഗോവ് പോളില്‍ അഭിപ്രായപ്പെട്ടത്.

2016 ഇയു ഹിതപരിശോധനയ്ക്ക് മുന്‍പുള്ള മൂന്ന് വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നെറ്റ് മൈഗ്രേഷന്‍ ഇരട്ടിയായി ഉയര്‍ന്നുവെന്ന് സുനാകിനോട് ചൂണ്ടിക്കാണിക്കപ്പെട്ടു. 'ഇത് വളരെ കൂടുതലാണ്. ഞാന്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആളുകള്‍ക്ക് ഇക്കാര്യത്തില്‍ രോഷം ഉണ്ടായേക്കാം', സുനാക് സമ്മതിച്ചു.

താന്‍ അധികാരത്തില്‍ എത്തിയ ശേഷം 10 ശതമാനം നെറ്റ് മൈഗ്രേഷന്‍ കുറച്ചതായും, ഈ വര്‍ഷം വിസ നല്‍കുന്നതില്‍ കാല്‍ ശതമാനം കുറവ് വന്നുകഴിഞ്ഞെന്നും തന്നെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യത്തിന് സുനാക് മറുപടി നല്‍കി.

Other News in this category



4malayalees Recommends