ക്യാന്‍സര്‍ രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ നിഷേധിച്ച് എന്‍എച്ച്എസ്; 2015 മുതല്‍ 380,000-ലേറെ ക്യാന്‍സര്‍ രോഗികള്‍ക്ക് സമയത്ത് ചികിത്സ നല്‍കിയില്ലെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍

ക്യാന്‍സര്‍ രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ നിഷേധിച്ച് എന്‍എച്ച്എസ്; 2015 മുതല്‍ 380,000-ലേറെ ക്യാന്‍സര്‍ രോഗികള്‍ക്ക് സമയത്ത് ചികിത്സ നല്‍കിയില്ലെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍
എന്‍എച്ച്എസില്‍ ക്യാന്‍സര്‍ ചികിത്സ യഥാസമയത്ത് രോഗികള്‍ക്ക് നല്‍കുന്നതില്‍ ഗുരുതര വീഴ്ച സംഭവിക്കുന്നതായി ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ. 2015 മുതല്‍ 380,000-ലേറെ ക്യാന്‍സര്‍ രോഗികള്‍ക്കാണ് കൃത്യസമയത്ത് ചികിത്സ നല്‍കാതെ പോയത്.

ക്യാന്‍സര്‍ പിടിപെട്ടതായി സംശയിച്ച് അടിയന്തരമായി റഫര്‍ ചെയ്ത ശേഷവും ഇംഗ്ലണ്ട് എന്‍എച്ച്എസുകളില്‍ ചികിത്സ ആരംഭിക്കാനായി 62 ദിവസത്തിലേറെ വേണ്ടിവന്നവരുടെ കണക്കുകളാണ് ചാരിറ്റി പരിശോധിച്ചത്. 85% ആളുകള്‍ക്കും 62 ദിവസത്തിനകം ക്യാന്‍സര്‍ ചികിത്സ ആരംഭിക്കണമെന്ന എന്‍എച്ച്എസ് ലക്ഷ്യം 2015 ഡിസംബറിന് ശേഷം പ്രാവര്‍ത്തികമായിട്ടില്ല.

ഇപ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, സിടി, എംആര്‍ഐ സ്‌കാനുകള്‍ക്കുള്ള ഉപകരണങ്ങളുടെ കുറവുമാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്ന് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ പറയുന്നു. അടുത്തിടെ നടത്തിയ പുരോഗതി കൊണ്ടൊന്നും ചികിത്സയില്‍ മാറ്റം വന്നിട്ടില്ല.

മാര്‍ച്ചില്‍ 62 ദിവസത്തില്‍ കൂടുതല്‍ കാത്തിരിക്കാതെ ആദ്യത്തെ ക്യാന്‍സര്‍ ചികിത്സ ലഭിച്ചവരുടെ എണ്ണം കേവലം 68.7 ശതമാനമാണ്. അടുത്ത യുകെ ഗവണ്‍മെന്റ് ക്യാന്‍സറിനെ നേരിടുന്നത് മുന്‍ഗണനാ വിഷയമാക്കി മാറ്റുകയും, ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് പൂര്‍ണ്ണമായി ഒഴിവാക്കാനും വാഗ്ദാനം ചെയ്യണമെന്ന് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ ചീഫ് എക്‌സിക്യൂട്ടീവ് മിഷേല്‍ മിച്ചല്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends