യുഎസിലെ ഇന്ത്യന്‍ വംശജനായ സെനറ്റര്‍ രാജ കൃഷ്ണമൂര്‍ത്തി അവതരിപ്പിച്ച പുതിയ ഇമിഗ്രേഷന്‍ ബില്‍ കുടിയേറ്റക്കാര്‍ക്ക് പുതിയ പ്രതീക്ഷകളേകുന്നുവെന്ന് റിപ്പോര്‍ട്ട്. ഗ്രീന്‍കാര്‍ഡ് അനുവദിക്കുന്നതിലെ നൂലാമാലകളും സമയം വൈകലുകളും ഒഴിവാക്കാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങളടങ്ങിയ ഇമിഗ്രേഷന്‍ ബില്ലാണിത്. ഇല്ലിനോയിസില്‍ നിന്നുളള ഡെമോക്രാറ്റ് സെനറ്ററായ കൃഷ്ണമൂര്‍ത്തി യുഎസ് ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്സിലാണ് ഈ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററായ ലാറി ബുഷോനും മൂര്‍ത്തിക്കൊപ്പം ഈ ബില്‍ അവതരിപ്പിക്കാന്‍ സഹകരിച്ചിട്ടുണ്ട്. നിലവിലെ ഫെഡറല്‍ ഇമിഗ്രേഷന്‍ നിയമപ്രകാരം അനുവദിക്കപ്പെടുന്ന എംപ്ലോയ്മെന്റ് ബേസ്ഡ് വിസകളെ നേരാം വണ്ണം യുഎസ് പ്രയോജനപ്പെടുത്തുന്നത് ഉറപ്പിക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ ഇമിഗ്രേഷന്‍ ബില്‍ എന്നതാണ് പ്രതീക്ഷയേറ്റുന്നത്. ഇത്തരം വിസകളിലൂടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യുഎസിലെത്തി ജോലി ചെയ്ത് ജീവിച്ച് വരുന്നുണ്ട്.
ദി എലിമിനേറ്റിംഗ് ബാക്ക്ലോഗ്സ് ആക്ട് ഓഫ് 2023 എന്നാണ് പുതിയ ഇമിഗ്രേഷന്‍ ബില്‍ അറിയപ്പെടുന്നത്. നിലവിലെ അനുവദിക്കപ്പെട്ട വര്‍ക്ക് വിസകളെ ഉപയോഗിക്കുന്നതില്‍ ഇതിന് മുമ്പില്ലാത്ത വിധത്തില്‍ അയവ് അനുവദിക്കുന്ന ബില്ലാണിതെന്നാണ് കൃഷ്ണമൂര്‍ത്തിയുടെ ഓഫീസില്‍ നിന്നുള്ള ഇത് സംബന്ധിച്ച പ്രസ് റിലീസ് വിശദീകരിക്കുന്നത്. എച്ച്-1 ബി പോലുള്ള താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റുകളില്‍ യുഎസിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് തൊഴിലധിഷ്ഠിത പെര്‍മനന്റ് റെസിഡന്‍സ് വിസകള്‍ക്ക് അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ക്കായി വളരെ കാലം കാത്തിരിക്കേണ്ടുന്ന വിഷമാവസ്ഥ നിലവിലുണ്ട്.പുതിയ ബില്‍ പാസായാല്‍ ഇത്തരം വിഷമാവസ്ഥകളെ മറി കടക്കാന്‍ യുഎസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് സാധിക്കുമെന്നുറപ്പാണ്.