പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു, ആസിഡാക്രമണ ഭീഷണിയും: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു, ആസിഡാക്രമണ ഭീഷണിയും: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. പന്തളം ഉളനാട് സ്വദേശി അനന്തു അനിലിനെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് ഇയാളെ എറണാകുളത്ത് നിന്ന് പിടികൂടിയത്. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിനൊടുവില്‍ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

ഫോണിലൂടെ ബന്ധം സ്ഥാപിച്ച്, രണ്ടുവര്‍ഷമായി പരിചയത്തിലായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അടൂരിലെ ഒരു ലോഡ്ജില്‍ എത്തിച്ചും, തുടര്‍ന്ന് വിവിധയിടങ്ങളിലെത്തിച്ചും ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി.

പീഡനവിവരം പുറത്തു പറഞ്ഞാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പീഡനവിവരം അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്. വൈദ്യപരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ അനന്തു കുറ്റം സമ്മതിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു. കുട്ടിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Other News in this category4malayalees Recommends