ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കില്‍ ഇന്ന് വീണ്ടും വര്‍ധനവ് വരുത്തി അഞ്ചര ശതമാനമാക്കിയേക്കും; തുടര്‍ച്ചയായി 14ാം വട്ടം വരുത്തുന്ന വര്‍ധനവ് ബ്രിട്ടീഷുകാരുടെ ജീവിതം ദുസ്സഹമാക്കുമെന്ന് മുന്നറിയിപ്പ്; പ്രതിഷേധം ശക്തം

ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കില്‍ ഇന്ന് വീണ്ടും വര്‍ധനവ് വരുത്തി അഞ്ചര ശതമാനമാക്കിയേക്കും; തുടര്‍ച്ചയായി 14ാം വട്ടം വരുത്തുന്ന വര്‍ധനവ് ബ്രിട്ടീഷുകാരുടെ ജീവിതം ദുസ്സഹമാക്കുമെന്ന് മുന്നറിയിപ്പ്; പ്രതിഷേധം ശക്തം
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കില്‍ ഇന്ന് വീണ്ടും വര്‍ധനവ് വരുത്തി അഞ്ചര ശതമാനമാക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ധവ് കൂടി പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ തുടര്‍ച്ചയായി 14ാം വട്ടമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ പെരുകുന്ന പണപ്പെരുപ്പ നിരക്കും വിലക്കയറ്റവും പിടിച്ച് നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മോണിറ്ററി പോളിസിയുടെ ഭാഗമായി ബാങ്ക് ഇത്തരത്തില്‍ പലിശനിരക്ക് വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നത്.

ആത്യന്തികമായി രാജ്യത്തെ സമ്പദ് വ്യവസ്ഥക്കും ജനത്തിനും ഗുണം ലക്ഷ്യമിട്ടാണ് ബാങ്ക് ഇത്തരത്തില്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്നതെങ്കിലും അത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ജനജീവിതം ദുസ്സഹമാക്കുമെന്നുറപ്പാണ്. ഇതിനാല്‍ ബാങ്കിന്റെ പുതിയ നീക്കത്തിനെതിരെ പ്രതിഷേധക്കാര്‍ ശക്തമായി രംഗത്തെത്താനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് താഴ്ത്തുകയെന്നതാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ആ ലക്ഷ്യത്തിലേക്ക് ഇനിയുമെത്തിയിട്ടില്ലെന്നിരിക്കേ അടിസ്ഥാന പലിശനിരക്ക് ബാങ്ക് ഇനിയും വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.വിലക്കയറ്റത്തിന് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഓരോ പലിശനിരക്ക് വര്‍ധനവും നടപ്പിലാക്കുന്നതെങ്കിലും അതിന്റെ ഗുണഫലം ഇനിയും ബ്രിട്ടീഷുകാര്‍ക്ക് അനുഭവപ്പെടുന്നില്ലെന്നാണ് ആരോപണം. മറിച്ച് പലിശനിരക്കിലെ ഓരോ വര്‍ധനവും ബ്രിട്ടീഷുകാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളതെന്നും പലിശനിരക്ക് വര്‍ധനവിനെ എതിര്‍ക്കുന്നവര്‍ എടുത്ത് കാട്ടുന്നു.

നിലവില്‍ രാജ്യത്തെ മോര്‍ട്ട്‌ഗേജ് പോലുള്ള ലോണുകളുടെ നിരക്കുകള്‍ വര്‍ധിക്കുന്നതിലൂടെ വരുമാനമായി വരുന്ന പണം ബ്രിട്ടീഷുകാര്‍ക്ക് പെട്ടെന്ന് ചോര്‍ന്ന് പോകുന്നത് അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ പരോക്ഷ സ്വാധീനമാണെന്നാണ് ചില എക്കണോമിസ്റ്റുകള്‍ ആരോപിക്കുന്നത്.നിലവില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 6.7 ശതമാനമാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനാല്‍ അടിസ്ഥാന പലിശനിരക്ക് അഞ്ചര ശതമാനമെന്ന ബെഞ്ച് മാര്‍ക്ക് പിന്നിട്ടാലും വീണ്ടും വര്‍ധിപ്പിക്കാന്‍ ബാങ്ക് മടിക്കില്ലെന്ന മുന്നറിയിപ്പും ശക്തമാണ്.

Other News in this category4malayalees Recommends