'കടിയേറ്റാല്‍ അരമണിക്കൂറിനുള്ളില്‍ മരണം', കൂട്ടില്‍ നിന്ന് പുറത്തു ചാടിയത് മാരക വിഷമുള്ള പാമ്പ് ; നഗരവാസികള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

'കടിയേറ്റാല്‍ അരമണിക്കൂറിനുള്ളില്‍ മരണം', കൂട്ടില്‍ നിന്ന് പുറത്തു ചാടിയത് മാരക വിഷമുള്ള പാമ്പ് ; നഗരവാസികള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
നെതര്‍ലാന്‍ഡിലെ ഒരു നഗരത്തില്‍ ജനങ്ങളാകെ ഭീതിയിലാണ്. ഒരു വിഷപ്പാമ്പാണ് ഇപ്പോള്‍ ഇവിടെ മനുഷ്യരെയെല്ലാം ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ടില്‍ബര്‍ഗിലാണ് സംഭവം. നഗരത്തിലെ ഒരു വീട്ടിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ മാരകവിഷപ്പാമ്പാണ് മനുഷ്യര്‍ക്ക് മരണഭയം നല്‍കിയിരിക്കുന്നത്.

മാരക വിഷമുള്ള പാമ്പുകളുടെ വിഭാഗത്തിലുള്ള ഗ്രീന്‍ മാമ്പയാണ് ഉടമയുടെ കൂട്ടില്‍ നിന്ന് ചാടിപ്പോയത്. ആഫ്രിക്കയുടെ തെക്ക് കിഴക്കന്‍ മേഖലയില്‍ സാധാരണയായി കാണാറുള്ള വിഷ പാമ്പാണ് ഇത്.രണ്ട് മീറ്റര്‍ നീളമുള്ള വിഷ പാമ്പാണ് ചാടിപ്പോയത്. സംഭവം സ്ഥീരികരിച്ചതോടെ ഉടമ പൊലീസ് സഹായം തേടുകയായിരുന്നു.

കാര്യത്തിന്റെ ഗൗരവം മനസിലാക്കിയതോടെ പൊലീസ് നഗരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാമ്പിനെ കണ്ടെത്താന്‍ പാമ്പ് വിദഗ്ധരായ ആളുകളുടെ സഹായം തേടിയിട്ടുണ്ട്.സ്‌നിഫര്‍ നായകള്‍ അടക്കമുള്ള പൊലീസ് സംഘമാണ് പാമ്പിനെ തേടി നഗരപരിധിയില്‍ തെരച്ചില്‍ നടത്തുന്നത്.

ഇവയുടെ കടിയേറ്റാല്‍ മുപ്പത് മിനിറ്റുകള്‍ക്കുള്ളില്‍ ചികിത്സ തേടിയില്ലെങ്കില്‍ കടിയേറ്റയാളുടെ ജീവന്‍ വരെ അപകടത്തിലാവാനുള്ള സാധ്യത ഏറെയാണ്. നെതര്‍ലാന്‍ഡിസിലെ തണുത്ത കാലാവസ്ഥയില്‍ പാമ്പ് പുറത്ത് തങ്ങാനുള്ള സാധ്യത കുറവാണ്. ഇരുട്ടും ചൂടുള്ളതുമായ അന്തരീക്ഷം ഇഷ്ടപ്പെടുന്ന ഇവ വീടുകള്‍ക്കുള്ളിലേക്ക് കയറാനുള്ള സാധ്യതയാണ് കൂടുതലുള്ളത്.

പൊതുവേ ആക്രമണകാരിയല്ലെങ്കിലും ആളുകളുടെ മുന്നില്‍ എത്തിയാല്‍ ആക്രമണ സ്വഭാവം കാണിക്കാന്‍ ഇവ മടിക്കാറില്ല. തലച്ചോറിനേയും ഹൃദയത്തേയും ഒരു പോലെ ബാധിക്കുന്നുവെന്നതാണ് ഇവയുടെ വിഷം. പകല്‍ സമയത്ത് ഇര തേടുകയും രാത്രി കാലത്ത് വിശ്രമിക്കുന്നതമാണ് ഇവയുടെ രീതി. ഇണചേരുന്ന സമയത്തല്ലാതെ ഒറ്റയ്ക്ക് നീങ്ങുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്.

Other News in this category



4malayalees Recommends