മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു

മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു
വയനാട് കല്‍പ്പറ്റയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവത്തില്‍ ചികിത്സയില്‍ ഗുരുതര പിഴവെന്ന് ആരോപണം. കല്‍പ്പറ്റയിലെ ഫാത്തിമ മാതാ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കിടെ മരിച്ച സ്റ്റെബിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് അടക്കം ചെയ്ത് നാല് ദിവസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത്.

ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം മൂലം സ്റ്റെബിന്‍ മരിച്ചുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ചികിത്സയില്‍ ഉണ്ടായ ഡോക്ടറുടെ പിഴവാണ് മരണകാരണമെന്നും ആശുപത്രി അധികൃതരെ സമീപിച്ചപ്പോള്‍ നിഷേധാത്മകമായ സമീപനമാണ് ഉണ്ടായതെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവ സമയം ബന്ധുക്കള്‍ക്ക് പരാതി ഇല്ലാതിരുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് അന്ന് മൃതദേഹം അടക്കം ചെയ്തത്.

വൈത്തിരി തഹസില്‍ദാര്‍ ആര്‍എസ് സജിയുടെ സാന്നിധ്യത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അസിസ്റ്റന്റ് പോലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി പുല്‍പ്പള്ളി ശശിമല സ്വദേശി സ്റ്റെബിന്‍ കല്‍പ്പറ്റ ഫാത്തിമ മാതാ ആശുപത്രിയിലെത്തിയത്. പിന്നീട് ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Other News in this category4malayalees Recommends