പ്രിയപ്പെട്ടവരുടെ ആരോഗ്യകാര്യത്തില്‍ ഇനി ബന്ധുക്കള്‍ക്കും അഭിപ്രായം പറയാം; മാര്‍ത്താ റൂള്‍ നടപ്പാക്കുന്നു; രോഗികളുടെ ചികിത്സയില്‍ രണ്ടാമതൊരു അഭിപ്രായം തേടാന്‍ കുടുംബത്തിന് അവകാശം കൈമാറും

പ്രിയപ്പെട്ടവരുടെ ആരോഗ്യകാര്യത്തില്‍ ഇനി ബന്ധുക്കള്‍ക്കും അഭിപ്രായം പറയാം; മാര്‍ത്താ റൂള്‍ നടപ്പാക്കുന്നു; രോഗികളുടെ ചികിത്സയില്‍ രണ്ടാമതൊരു അഭിപ്രായം തേടാന്‍ കുടുംബത്തിന് അവകാശം കൈമാറും
ഏപ്രില്‍ മുതല്‍ രോഗികളുടെ ആരോഗ്യ കാര്യത്തില്‍ രോഗികള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും രണ്ടാമതൊരു അഭിപ്രായം തേടുന്നത് അവകാശമായി മാറും. രോഗിയുടെ സ്ഥിതി മോശമാകുമെന്ന് ആശങ്ക തോന്നിയാല്‍ ഇനി ഡോക്ടര്‍മാരുടെ അഭിപ്രായം മാത്രമല്ല, ബന്ധുക്കളുടെ ആശങ്കകളും പരിഗണിക്കേണ്ടി വരും. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് നടപ്പാക്കുന്ന 'മാര്‍ത്താ നിയമമാണ്' ഈ മാറ്റത്തിന് വഴിയൊരുക്കുന്നത്.

ഈ നടപടിക്രമം നിലവില്‍ വരുന്നതോടെ ആശുപത്രിയിലെ വ്യത്യസ്തമായ ക്രിട്ടിക്കല്‍ കെയര്‍ ടീം അടിയന്തര റിവ്യൂ നടപ്പാക്കും. ഇത് ആഴ്ചയില്‍ 7 ദിവസവും, 24 മണിക്കൂറും ലഭ്യമാകുകയും ചെയ്യും. രോഗിയുടെ ആരോഗ്യ സ്ഥിതി പെട്ടെന്ന് മോശമാകുകയോ, ആവശ്യത്തിന് പരിചരണം ലഭ്യമാകുന്നില്ലെന്ന് രോഗിക്കോ, കുടുംബത്തിനോ അഭിപ്രായമുണ്ടെങ്കിലും ഈ റിവ്യൂവിന് ആവശ്യപ്പെടാം.

2021-ല്‍ ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ചികിത്സയിലിരിക്കെ സെപ്‌സിസ് ബാധിച്ച് 13-കാരി മാര്‍ത്താ മില്‍സ് മരിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് 'മാര്‍ത്താ നിയമം' തയ്യാറാക്കുന്നതിലേക്ക് വഴിവെച്ചത്. ചുരുങ്ങിയത് 100 എന്‍എച്ച്എസ് ട്രസ്റ്റുകളെങ്കിലും നിയമം പ്രാഥമികമായി നടപ്പാക്കും.

സൈക്കിളില്‍ നിന്നും വീണ് പാന്‍ക്രിയയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന മാര്‍ത്തയ്ക്ക് സെപ്‌സിസ് രൂപപ്പെടുകയും, ബന്ധുക്കള്‍ ഉന്നയിച്ച ആശങ്കകള്‍ ഡോക്ടര്‍മാര്‍ അവഗണിക്കുകയും ചെയ്തതോടെയാണ് കുട്ടിയുടെ മരണത്തില്‍ കലാശിച്ചത്. എന്തായാലും ഈ മരണം വെറുതെയായി പോകില്ലെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്.

Other News in this category4malayalees Recommends