അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് വീടു വിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്

അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് വീടു വിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്
റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്. റാന്നിയില്‍ താമസിച്ചു വരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളുടെ മക്കളാണ് വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന് 10,000 രൂപയും ഇവര്‍ എടുത്തിരുന്നു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളുമായി വഴക്കിട്ടതിനായിരുന്നു അമ്മ മൂത്ത പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞത്. തുടര്‍ന്ന് നാട്ടിലേക്ക് പോകാമെന്ന് പറഞ്ഞാണ് അനിയത്തിയെയും കൂട്ടി പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്.

രാത്രിയില്‍ ഇടയ്ക്ക് അമ്മ എഴുന്നേറ്റപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന വിവരം മനസിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രാത്രി 10.30 വരെ പെണ്‍കുട്ടികള്‍ വീട്ടിലുണ്ടായിരുന്നുവെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു. എസ്എച്ച്ഒ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പുലര്‍ച്ചെ രണ്ട് പെണ്‍കുട്ടികള്‍ അരുവിക്കല്‍ ഭാഗത്തേക്ക് പോകുന്നത് കണ്ടതായി അങ്ങാടി ഗ്രാമപഞ്ചായത്തംഗം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ തിരുവല്ലയിലേക്കുള്ള ബസില്‍ കയറുന്നത് കണ്ടതായും വിവരം ലഭിച്ചു. ഈ ബസിലെ ജീവനക്കാരുമായി ഉടന്‍ തന്നെ പൊലീസ് ബന്ധപ്പെട്ടു. പെണ്‍കുട്ടികള്‍ ബസില്‍ തന്നെ ഉണ്ടെന്നായിരുന്നു മറുപടി. സ്ഥലത്തെത്തിയ പൊലീസ് 7.45ഓടെ കുട്ടികളെ കണ്ടെത്തുകയായിരുന്നു. കുട്ടികളെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

Other News in this category4malayalees Recommends