പണപ്പെരുപ്പം 'പ്രതീക്ഷയ്‌ക്കൊത്ത്' കുറഞ്ഞില്ല? വിപണി പ്രതീക്ഷിച്ചില്ലെങ്കിലും തങ്ങളുടെ പ്രവചനങ്ങള്‍ കിറുകൃത്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; അടുത്ത മാസം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് കുറഞ്ഞാല്‍ പണിതുടങ്ങും?

പണപ്പെരുപ്പം 'പ്രതീക്ഷയ്‌ക്കൊത്ത്' കുറഞ്ഞില്ല? വിപണി പ്രതീക്ഷിച്ചില്ലെങ്കിലും തങ്ങളുടെ പ്രവചനങ്ങള്‍ കിറുകൃത്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; അടുത്ത മാസം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് കുറഞ്ഞാല്‍ പണിതുടങ്ങും?
ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ എപ്പോള്‍ കുറയ്ക്കും? മോര്‍ട്ട്‌ഗേജുകള്‍ എടുത്തിട്ടുള്ള സകല ആളുകളും ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ പെട്ടെന്നൊരു വെട്ടിക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് സാമ്പത്തിക വിപണികള്‍.

എന്നാല്‍ വിപണി പ്രതീക്ഷിച്ച തോതില്‍ പണപ്പെരുപ്പം കുറഞ്ഞില്ലെന്നതില്‍ അത്ഭുതമൊന്നും കാണുന്നില്ലെന്ന നിലപാടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍. വിപണി കണക്കുകൂട്ടിയ നിലവാരത്തില്‍ പണപ്പെരുപ്പം കുറഞ്ഞില്ലെന്നതില്‍ തനിക്ക് ആശങ്കയില്ലെന്ന് വ്യക്തമാക്കിയ ആന്‍ഡ്രൂ ബെയ്‌ലി അടുത്ത മാസം ഗവണ്‍മെന്റും, ബാങ്കും ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുത്തനെ കുറയുമെന്നും വ്യക്തമാക്കി.

മാര്‍ച്ചില്‍ ജീവിതച്ചെലവുകളെ നേരിട്ട് ബാധിക്കുന്ന പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് ഇന്നലെ വ്യക്തമായത്. ഇത് ബാങ്കിന്റെ പ്രവചനങ്ങള്‍ക്ക് അനുസൃതമായി തന്നെയാണ് നീങ്ങുന്നതെന്ന് ഗവര്‍ണര്‍ പറയുന്നു. വാര്‍ഷിക നിരക്ക് 3.1 ശതമാനത്തിലേക്ക് കുറയുമെന്നായിരുന്നു സാമ്പത്തിക വിപണികളുടെ പ്രവചനം. നിരക്ക് 3.2 ശതമാനത്തില്‍ നിന്നതോടെ പലിശ നിരക്ക് കുറയാന്‍ ഇനിയും സമയമെടുക്കുമെന്നും വ്യക്തമായി.

അടുത്ത മാസം ശക്തമായ ഇടിവ് രേഖപ്പെടുത്തുമെന്നാണ് ആന്‍ഡ്രൂ ബെയ്‌ലി ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍ സര്‍വ്വീസ് സെക്ടറിലെ ഇന്‍ഫ്‌ളേഷന്‍, വരുമാന വളര്‍ച്ച, ലേബര്‍ വിപണിയുടെ സ്ഥിതി എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ലേബര്‍ വിപണി അയയാന്‍ തുടങ്ങിയിട്ടുണ്ട്, ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.

Other News in this category4malayalees Recommends