വിക്ഷേപണത്തിന് 2 മണിക്കൂര്‍ മുമ്പ് തകരാര്‍; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

വിക്ഷേപണത്തിന് 2 മണിക്കൂര്‍ മുമ്പ് തകരാര്‍; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു
സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വിലാണ് തകരാര്‍ കണ്ടെത്തിയത്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര കൂടിയായിരുന്നു സ്റ്റാര്‍ലൈനറിന്റേത്.

ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 8.34നായിരുന്നു പേടകത്തിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. തകരാര്‍ കണ്ടെത്തിയതോടെ പേടകത്തില്‍ പ്രവേശിച്ച ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവരെ തിരിച്ചിറക്കി. പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കല്‍ നടപടിയും ഉടന്‍ ഉണ്ടാകും. നിലവില്‍ വിക്ഷേപണത്തിന്റെ പുതിയ തീയതി അറിയിച്ചിട്ടില്ല.

ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ പ്രഥമ ദൗത്യത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ സുനിതയാണ്. 'ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ്' എന്നറിയപ്പെടുന്ന ദൗത്യത്തിന്റെ ലക്ഷ്യം നാസയുടെ ഈ രണ്ട് ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുകയായിരുന്നു. പുതിയ പേടകത്തിന്റെ ദൗത്യത്തില്‍ പറക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും സുനിതയ്ക്ക് ഉണ്ട്.

സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനൊപ്പം ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള മറ്റൊരു സാധ്യത എന്ന നിലയ്ക്ക് നാസയുടെ ചരിത്രപ്രധാമായ ദൗത്യമാണിത്. ഏഴ് ബഹിരാകാശയാത്രികരെ വഹിക്കാന്‍ കഴിയുന്ന സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ഭാഗികമായി പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

Other News in this category4malayalees Recommends