സോഷ്യല്‍മീഡിയയിലൂടെ മാതാപിതാക്കള്‍ക്കായി നീണ്ട തെരച്ചില്‍ ; കണ്ടെത്തിയതിന് പിന്നാലെ 17 കാരന്‍ ആത്മഹത്യ ചെയ്തു

സോഷ്യല്‍മീഡിയയിലൂടെ മാതാപിതാക്കള്‍ക്കായി നീണ്ട തെരച്ചില്‍ ; കണ്ടെത്തിയതിന് പിന്നാലെ 17 കാരന്‍ ആത്മഹത്യ ചെയ്തു
ജനിച്ച ശേഷം ആദ്യമായി മാതാപിതാക്കളെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ചൈനക്കാരനായ ലിയു ഷുഷൂ എന്ന പതിനേഴുകാരന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അവന്‍ തന്റെ മാതാപിതാക്കളെ കണ്ടെത്തിയത്. എന്നാല്‍ ഈ കൂടിച്ചേരല്‍ നടന്ന് ദിവസങ്ങള്‍ക്കകം ലിയു ഷൂഷു ജീവനൊടുക്കി. മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം ലിയു ആത്മഹത്യചെയ്തത്തിന്റെ അമ്പരപ്പിലാണ് സോഷ്യല്‍ മീഡിയ.

ലിയുവിന്റെ ജനനശേഷം വേര്‍പിരിഞ്ഞ മാതാപിതാക്കള്‍ വേറെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ കണ്ടെത്തിയ ഇവരെ പോലീസാണ് ലിയുവിന്റെ അടുത്തെത്തിച്ചത്. സ്വന്തം മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചതിന്റെ ഫോട്ടോകള്‍ ലിയു പങ്കിട്ടത് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായിരുന്നു

അതേസമയം, ജനിച്ച ഉടന്‍ മാതാപിതാക്കള്‍ തന്നെ പണംവാങ്ങി വില്‍ക്കുകയായിരുന്നുവെന്നും ദത്ത് നല്‍കിയതല്ലെന്നും ലിയു അറിഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇതോടെ മാതാപിതാക്കളില്‍ നിന്ന് തനിക്ക് ജീവനാംശം ലഭിക്കണമെന്ന് ലിയു ആവശ്യപ്പെട്ടു. എന്നാല്‍ അതുവരെ ഒപ്പം നിന്ന സോഷ്യല്‍ മീഡിയയിലെ ഒരുവിഭാഗം ലിയുവിനെതിരെ തിരിഞ്ഞു. ജീവനാംശം ആവശ്യപ്പെട്ട ലിയു സ്വാര്‍ത്ഥനാണെന്ന് പലരും ആരോപിച്ചു. ഇത് ഈ കൗമാരക്കാരനെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് ലിയുവിന്റെ ആത്മഹത്യാ കുറിപ്പ് സൂചിപ്പിക്കുന്നു.

ലിയുവിന്റെ ജനനസമയത്ത് മാതാപിതാക്കള്‍ അവിവാഹിതരായിരുന്നു. അതിനാല്‍ കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ച അവര്‍ ഏകദേശം 4,200 ഡോളര്‍ വാങ്ങിയാണ് കുഞ്ഞിനെ വിറ്റതെന്ന് ലിയുവിനെ ദത്തെടുത്ത കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം, 2009ല്‍ വളര്‍ത്തു മാതാപിതാക്കള്‍ മരിച്ചതോടെ ലിയു തീര്‍ത്തും അനാഥനാകുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വിഷാദ ഗുളിക അമിതമായി കഴിച്ച് ലിയു ആത്മഹത്യ ചെയ്യുകയായിരുന്നു. അവശനിലയിലായതിനെ തുടര്‍ന്ന് ലിയുവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല

Other News in this category



4malayalees Recommends