യുക്രൈനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപരോധം നേരിടുന്ന രാജ്യമായി മാറി റഷ്യ

യുക്രൈനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപരോധം നേരിടുന്ന രാജ്യമായി മാറി റഷ്യ
യുക്രൈനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപരോധം നേരിടുന്ന രാജ്യമായി മാറി റഷ്യ. ആഗോള രാജ്യങ്ങളും കമ്പനികളും റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഉപരോധങ്ങളുടെ പ്രവാഹമാണ്. ആഗോള തലത്തില്‍ രാജ്യങ്ങള്‍ക്ക് മേലുള്ള വിലക്കുകള്‍ പരിശോധിക്കുന്ന കാസ്റ്റല്ലം.എഐ യാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

യുക്രൈനിയന്‍ വിമത പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌കിനെയും ലുഹാന്‍സ്‌കിനെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സ്വതന്ത്ര രാജ്യങ്ങള്‍ ആയി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അമേരിക്കയും സഖ്യകക്ഷികളും ഫെബ്രുവരി 22 ന് റഷ്യയ്‌ക്കെതിരെ ആദ്യം ഉപരോധം ഏര്‍പ്പെടുത്തി. ഫെബ്രുവരി 22 ന് റഷ്യ സൈനിക നീക്കങ്ങള്‍ ആരംഭിച്ചതോടെ നൂറു കണക്കിന് ഉപരോധങ്ങളാണ് റഷ്യയ്ക്ക് നേരെ വന്നത്.

ഫെബ്രുവരി 22ന് മുമ്പ് റഷ്യയ്‌ക്കെതിരെ 2,754 ഉപരോധങ്ങള്‍ നിലവിലുണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ അധികമായി 2,778 ഉപരോധങ്ങള്‍ കൂടി നിലവില്‍ വന്നതോടെ ആകെ 5,532 ആയി ഉയര്‍ന്നു. ഇതോടെ ലോകത്ത് ഏറ്റവുമധികം വിലക്കുകളുണ്ടായിരുന്ന ഇറാന്‍, ഉത്തരകൊറിയ, സിറിയ എന്നീ രാജ്യങ്ങളെ പിന്തള്ളി റഷ്യ ഒന്നാമതെത്തി.

ഇറാനെതിരെ 3,616 ഉപരോധങ്ങളാണ് ഉള്ളത്. സിറിയക്ക് മേല്‍ 2,608 വിലക്കുകളും ഉത്തരകൊറിയയ്ക്ക് മേല്‍ 2,077 വിലക്കുകളുമുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡ് 568, യൂറോപ്യന്‍ യൂണിയന്‍ 518, കാനഡ 454, ഓസ്‌ട്രേലിയ 413, യുഎസ് 243, യുകെ 35, ജപ്പാന്‍ 35 എന്നിങ്ങനെയാണ് റഷ്യക്കെതിരെ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിന്റെ കണക്കുകള്‍.

Other News in this category



4malayalees Recommends