9ാം ക്ലാസുകാരി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പക ; ഓട്ടോ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം ; മൂന്നു പേര്‍ അറസ്റ്റില്‍

9ാം ക്ലാസുകാരി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പക ; ഓട്ടോ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം ; മൂന്നു പേര്‍ അറസ്റ്റില്‍
പ്രണയം നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഏലൂര്‍ പാതാളത്ത് ആണ് സംഭവം. പെണ്‍കുട്ടിയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസില്‍ പരാതി നല്‍കിയത്.

പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് വന്‍ അപകടം ഒഴിവായതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

അറസ്റ്റിലായ കൂട്ടത്തില്‍ ശിവയാണ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചിരുന്നു. ഈ ദേഷ്യത്തില്‍ നേരത്തെയും വഴിയരികില്‍ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്യുമായിരുന്നെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടു വീട്ടിലേക്കു വരുമ്പോള്‍ എതിരെ ഓട്ടോറിക്ഷയുമായി വന്നു. അടുത്തെത്തിയപ്പോള്‍ വേഗം കുറച്ച് അതിലുണ്ടായിരുന്ന ഒരാള്‍ സിഗരറ്റു കുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്‌തെന്നു പെണ്‍കുട്ടി പറയുന്നു.

കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്നു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ അതിവേഗം തന്റെ നേര്‍ക്കു പാഞ്ഞു വരുന്നതു കണ്ടത്. ചാടി മാറിയില്ലായിരുന്നെങ്കില്‍ ഓട്ടാറിക്ഷ ഇടിച്ചു താന്‍ മരിക്കുമായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Other News in this category



4malayalees Recommends