പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് മരിച്ചു ; മരണം ശസ്ത്രക്രിയ കഴിഞ്ഞു രണ്ട് മാസത്തിന് ശേഷം

പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് മരിച്ചു ; മരണം ശസ്ത്രക്രിയ കഴിഞ്ഞു രണ്ട് മാസത്തിന് ശേഷം
പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവെച്ച ഡേവിഡ് ബെന്നറ്റ് മരിച്ചു. 57 വയാസിരുന്നു. ശസ്ത്രക്രിയ നടത്തിയ മേരിലാന്‍ഡ് ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് ഡേവിഡ് ബെന്നറ്റിന്റെ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ചൊവ്വാഴ്ച മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് ബെന്നറ്റ് മരിച്ചത്.

അതേസമയം, മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പന്നിയില്‍ നിന്ന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ആദ്യ വ്യക്തിയാണ് ഡേവിഡ് ബെന്നറ്റ്. കഴിഞ്ഞ ജനുവരിയിലാണ് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്.

57കാരനായ ഡേവിഡ് ബെന്നറ്റിനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവെച്ചത്. ശസ്ത്രക്രിയക്ക് ശേഷം സാധാരണപോലെ ഹൃദയം പ്രവര്‍ത്തിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണത്തിന്റ ഫലമായിരുന്നു ശസ്ത്രക്രിയ. യു.എസിലെ മേരിലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഹൃദയസംബന്ധമായ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ബെന്നറ്റ്.

'മരിക്കുക അല്ലെങ്കില്‍ ഈയൊരു അവയവമാറ്റത്തിന് തയാറാവുക, ഈ രണ്ട് സാഹചര്യങ്ങള്‍ മാത്രമേ മുമ്പിലുള്ളൂ. ഇരുട്ടിലേക്ക് നോക്കിയുള്ള വെടിയാണ് ഇതെന്ന് എനിക്കറിയാം. എന്നാല്‍, ഇത് മാത്രമാണ് അവസാന പ്രതീക്ഷ,' എന്നായിരുന്നു ശസ്ത്രക്രിയക്ക് മുമ്പായി ഡേവിഡ് ബെന്നറ്റ് പറഞ്ഞത്. ഒരു വര്‍ഷം പ്രായമുള്ള, ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ബെന്നറ്റിന്റെ ശരീരത്തില്‍ വെച്ചുപിടിപ്പിച്ചത്.

Other News in this category



4malayalees Recommends