ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവം ; പ്രതി ക്രൂരനായ കൊലയാളി ; വളര്‍ത്തു മൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പ്രതിയുടെ പതിവെന്ന് പൊലീസ്

ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവം ; പ്രതി ക്രൂരനായ കൊലയാളി ; വളര്‍ത്തു മൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പ്രതിയുടെ പതിവെന്ന് പൊലീസ്
കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ജോണ്‍ ബിനോയി ഡിക്രൂസ് ക്രൂരനായ കൊലയാളിയെന്ന് കണ്ടെത്തല്‍. വളര്‍ത്തു മൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പ്രതിയുടെ പതിവാണെന്നാണ് പൊലീസ് കണ്ടെത്തല്‍. നോറയുടെ കൊലപാതകത്തില്‍ ബിനോയിക്ക് മാത്രമാണ് നേരിട്ട് പങ്കുള്ളതെന്നാണ് വിവരം.

പ്രതിയുടെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ സ്ഥിരം ശല്യക്കാരനായിരുന്നു ബിനോയ് എന്ന് വളര്‍ത്തമ്മ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളെ ക്രൂരമായി കൊല ചെയ്യുന്ന തരത്തില്‍ മാനസിക നിലയുള്ളതായി അവര്‍ വെളിപ്പെടുത്തി. ലഹരി ഇടപാടുകള്‍ക്ക് പണത്തിനായി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ബിനോയിയെ നിലവില്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിനെ സംരക്ഷിക്കാത്തതിന്റെ പേരില്‍ അമ്മൂമ്മ സിപ്‌സിക്കെതിരെ കേസെടുക്കുന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് പള്ളുരുത്തിയില്‍ ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്. സംഭവത്തില്‍ അമ്മൂമ്മയുടെ സുഹൃത്തായ ജോണ്‍ ബിനോയ് ഡിക്രൂസിനെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞായിരുന്നു അമ്മൂമ്മ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ശ്വാസകോശത്തില്‍ വെളളം കയറിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അമ്മൂമ്മയ്ക്ക് കേസില്‍ നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് നിഗമനം.

കുഞ്ഞ് ബിനോയിയുടെയും തന്റെയുടെയും ആണെന്ന് അമ്മൂമ്മ തന്നെ ചില സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ബിനോയ് നല്‍കിയിരിക്കുന്ന മൊഴി. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റെയും ഡിക്‌സിയുടേയും മകളാണ് നോറ. നോറയുടെ അമ്മ വിദേശത്താണ്. കുട്ടികളുടെ സംരക്ഷണ ചുമതല സിപസിക്കായിരുന്നു.

Other News in this category



4malayalees Recommends