എവിടെയാണ് നിങ്ങളുടെ മകനെന്ന് അന്വേഷിക്കൂ', ഉടനടി അവരെ തിരിച്ച് വിളിക്കണമെന്നും, ഇല്ലെങ്കില്‍ അവര്‍ കൊല്ലപ്പെട്ടേക്കാന്‍ സാധ്യത ഉണ്ടെന്നും റഷ്യന്‍ മാതാക്കളോട് സെലന്‍സ്‌കി

എവിടെയാണ് നിങ്ങളുടെ മകനെന്ന് അന്വേഷിക്കൂ', ഉടനടി അവരെ തിരിച്ച് വിളിക്കണമെന്നും, ഇല്ലെങ്കില്‍ അവര്‍ കൊല്ലപ്പെട്ടേക്കാന്‍ സാധ്യത ഉണ്ടെന്നും റഷ്യന്‍ മാതാക്കളോട് സെലന്‍സ്‌കി
ഉക്രൈന്‍ റഷ്യ യുദ്ധം അതി രൂക്ഷമായതിന് പിന്നാലെ റഷ്യന്‍ മാതാക്കളോട് അഭ്യര്‍ത്ഥനയുമായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. നിങ്ങളുടെ മക്കളെ യുദ്ധത്തിന് അയക്കരുത്. നിങ്ങളുടെ മകന്‍ എവിടെയാണെന്ന് അന്വേഷിക്കണം. ഉക്രൈനെതിരായ യുദ്ധത്തില്‍ അവരെ അയച്ചിരിക്കുകയാണ് എന്ന് സംശയം തോന്നുന്നുവെങ്കില്‍ ഉടനടി അവരെ തിരിച്ച് വിളിക്കണമെന്നും, ഇല്ലെങ്കില്‍ അവര്‍ കൊല്ലപ്പെട്ടേക്കാന്‍ സാധ്യത ഉണ്ടെന്നുമാണ് സെലന്‍സ്‌കി പറഞ്ഞത്.

ഉക്രൈന്‍ ഒരിക്കലും ഈ ഭയാനകമായ യുദ്ധം ആഗ്രഹിച്ചിരുന്നില്ല. ഉക്രൈന് അത് വേണ്ട. പക്ഷെ ആവശ്യമുള്ളിടത്തോളം ഉക്രൈന്‍ സ്വയം പ്രതിരോധം തീര്‍ക്കുമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.

നിങ്ങളുടെ കുട്ടികളെ വിദേശ രാജ്യത്തേക്ക് യുദ്ധത്തിന് അയക്കരുതെന്ന് സെലന്‍സ്‌കി സമൂഹ മാധ്യമത്തിലൂടെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. നിങ്ങളുടെ മകന്‍ കൊല്ലപ്പെടുകയോ ബന്ദിയാക്കപ്പെടുകയോ ചെയ്യുന്നത് തടയാനാണ് മാതാക്കളോട് സെലന്‍സ്‌കി പറഞ്ഞത്.

കഴിഞ്ഞ ദിവസം റഷ്യ ആദ്യമായി ഉക്രൈനില്‍ നിരവധി സൈനികര്‍ തടവിലാക്കപ്പെട്ടതായി അംഗീകരിച്ചിരുന്നു. പ്രൊഫഷണല്‍ സൈനികരെ മാത്രമാണ് ഉക്രൈനില്‍ യുദ്ധത്തിന് അയച്ചിരിക്കുന്നത് എന്നായിരുന്നു റഷ്യയുടെ വാദം. എന്നാല്‍ ഉക്രൈനിലേക്ക് അയച്ച മക്കളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത റഷ്യയിലെ മാതാക്കളുടെ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് റഷ്യയുടെ വെളിപ്പെടുത്തല്‍.

പിടിക്കപ്പെട്ട റഷ്യന്‍ സൈനികരുടെ കൂട്ടിക്കൊണ്ടുപോകാന്‍ അവരുടെ മാതാക്കളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് കീവില്‍ നിന്ന് നല്‍കിയിരുന്നു. വിവരങ്ങള്‍ ലഭിക്കുന്നതിനായി ഫോണ്‍ നമ്പറുകളും ഇമെയിലുകളും ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. റഷ്യന്‍ അധിനിവേശം തുടങ്ങിയത് മുതല്‍ ഉക്രൈന്‍ നിരവധി റഷ്യന്‍ സൈനികരെ തടവിലാക്കിയതായി കീവ് അവകാശപ്പെട്ടിരുന്നു.


Other News in this category



4malayalees Recommends