'പഠനത്തില്‍ മകനേക്കാള്‍ മികവ് പുലര്‍ത്തി'; മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു

'പഠനത്തില്‍ മകനേക്കാള്‍ മികവ് പുലര്‍ത്തി'; മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു
പുതുച്ചേരിയിലെ കാരയ്ക്കലില്‍ മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനെയാണ് സഹപാഠിയുടെ അമ്മ സഹായറാണി വിക്ടോറിയ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഠനത്തില്‍ മകനേക്കാള്‍ മികവ് ബാല മണികണ്ഠന്‍ പുലര്‍ത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയ്ക്ക് കുടിക്കാന്‍ നല്‍കിയ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊല നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസം സ്‌കൂളില്‍ നിന്നും എത്തിയ ബാലമണികണ്ഠന്‍ ഏറെ അവശനായ നിലയിലാണ് വീട്ടിലെത്തിയത്. തുടര്‍ന്നാണ് സ്‌കൂളിലെ വാച്ച്മാന്‍ നല്‍കിയ ജ്യൂസ് കുടിച്ചെന്നും ഇതിന് പിന്നാലെ തളര്‍ന്നുവീണെന്നും കുട്ടി വീട്ടുകാരോട് പറയുന്നത്. ഇതോടെ വീട്ടുകാര്‍ കുട്ടിയെ കാരയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തിയത്. എന്നാല്‍ ബാലയുടെ വീട്ടില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് ജ്യൂസ് കുപ്പികള്‍ നല്‍കിയതെന്നും അത് ബാലയ്ക്ക് നല്‍കാനാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു വാച്ച്മാന്റെ മൊഴി. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിയുടെ അമ്മയാണ് ജ്യൂസ് കൊണ്ടുവന്ന് നല്‍കിയതെന്ന് കണ്ടെത്തി.

സഹായറാണി ജ്യൂസില്‍ വിഷം കലര്‍ത്തി സ്‌കൂളിലേക്ക് വരികയും ബാലയുടെ ബന്ധുവാണെന്ന് വാച്ച്മാനോട് സ്വയം പരിചയപ്പെടുത്തിയ ശേഷം ജ്യൂസ് ബാലയ്ക്ക് നല്‍കണമെന്നും യുവതിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതനുസരിച്ചാണ് വാച്ച്മാന്‍ ജ്യൂസ് കുട്ടിയ്ക്ക് നല്‍കിയതെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണത്തിന് പിന്നാലെ മാതാപിതാക്കളും ബന്ധുക്കളും സഹായറാണിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നു.

Other News in this category



4malayalees Recommends