കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം. തെളിവുകളെല്ലാം നല്‍കിയിട്ടും ഷബ്‌നയുടെ ഭര്‍ത്താവിന്റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യുന്നില്ല. പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവരാണ് ഷബ്‌നയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍. അന്വേഷണത്തില്‍ പുരോഗതി ഇല്ലെങ്കില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഷബ്‌നയുടെ ബന്ധുക്കള്‍ പറഞ്ഞു.
ഷബ്‌നയെ മര്‍ദിച്ച ഹനീഫയെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നാണ് കുടുംബത്തിന്റെ വിമര്‍ശനം. ദൃക്‌സാക്ഷിയായ മകള്‍ മൊഴി നല്‍കിയിട്ടും ബന്ധുക്കളെ ചോദ്യം ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന കുടുംബം, ഇനിയൊരു ഷബ്‌ന ആവര്‍ത്തിക്കരുതെന്നും പറയുന്നു.
ഷബ്‌നയെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യവും ഫോണിലെ ദൃശ്യങ്ങളും നല്‍കിയത് ഷബ്‌നയുടെ കുടുംബം തന്നെയാണ്. പൊലീസ് പുതിയ തെളിവ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോപിക്കുന്ന കുടുംബം, അന്വേഷണത്തില്‍ പുരോഗതി ഇല്ലെങ്കില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും അറിയിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഷബ്‌നയുടെ കുടുംബം സംശയിക്കുന്നു.