ഗാസ സിറ്റിയില്‍നിന്നു പലായനം ചെയ്യുന്നതിനിടെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെയും കുഞ്ഞിനെ രക്ഷിക്കാന്‍ പുറപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെയും മൃതദേഹങ്ങളും ശനിയാഴ്ച കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഹിന്ദിന്റെയും മൃതദേഹം കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പാണ് ഹിന്ദും കുടുംബവും ഇസ്രയേലിന്റെ ആക്രമണത്തില്‍പ്പെടുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം തെക്കന്‍ ഗാസയിലേക്കു കാറില്‍ പോകവേ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഹിന്ദ് ഒഴികെ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. സഹായം തേടി കുഞ്ഞ് അധികൃതര്‍ക്ക് ഫോണ്‍ ചെയ്തു. കുട്ടിയെ തിരഞ്ഞ് പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ യൂസഫ് സെയ്‌നോയും അഹ്മദ് അല്‍ മദൂനും പുറപ്പെട്ടെങ്കിലും ഇവരെയും കാണാതായി.
കാറില്‍ മൃതദേഹങ്ങള്‍ക്കിടയിലിരുന്നു കണ്ണീരോടെ ഹിന്ദ് നടത്തിയ ഫോണ്‍ വിളിയുടെ ശബ്ദരേഖ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടിരുന്നു. 'എനിക്ക് പേടിയാകുന്നു, എന്നെ കൊണ്ടുപോകാന്‍ ആരെയെങ്കിലും വരൂ' എന്നായിരുന്നു കുഞ്ഞിന്റെ അഭ്യര്‍ഥന. മൃതദേഹങ്ങള്‍ക്ക് നടവിലിരുന്ന് കുഞ്ഞ് മൂന്ന് മണിക്കൂറോളം സഹായത്തിനായി കാത്തിരുന്നു. തുടര്‍ന്നായിരുന്നു മരണം.
ഗാസ സിറ്റിയിലെ ടെല്‍ അല്‍ഹവ പ്രദേശത്തെ പെട്രോള്‍ സ്റ്റേഷന് സമീപമാണ് ഹിന്ദിനെ രക്ഷിക്കാന്‍ പുറപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് ഇസ്രയേലിന്റെ ഭീകരമായ കുറ്റകൃത്യമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.