അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് ദാരുണ സംഭവം. ഉടുമ്പന്‍ചോല പാറക്കല്‍ ഷീലയാണ് മരിച്ചത്.
തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അയല്‍വാസിയായ ശശികുമാറാണ് തീകൊളുത്തിയത്. ഉടുമ്പന്‍ചോലയിലെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഷീലയും ശശികുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
വെള്ളിയാഴ്ചയാണ് സംഭവം. സംഭവദിവസം ഉച്ചയ്ക്ക് ഏലയ്ക്ക ഉണക്കാനായി ഷീല സ്റ്റോറിലെത്തി. അവിടെയെത്തിയ ശശികുമാര്‍ ഷീലയെ ശശികുമാറിന്റെ ലയത്തിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഷീലയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ശശികുമാര്‍ തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മുഖത്തും വയറിലും സാരമായി പൊള്ളലേറ്റ ഇവരെ ഉടന്‍ തന്നെ തേനി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.