1.3 കോടി രൂപയും പൗരത്വവും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും നല്‍കും, യുദ്ധമുഖത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തിന് വാഗ്ദാനവുമായി റഷ്യ

1.3 കോടി രൂപയും പൗരത്വവും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും നല്‍കും, യുദ്ധമുഖത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തിന് വാഗ്ദാനവുമായി റഷ്യ
റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തിന് റഷ്യ പണവും പൗരത്വവും വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. 1.3 കോടി രൂപയും പൗരത്വവും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവുമാണ് റഷ്യന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതെന്നാണ് വിവരം.

കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളോടാണ് റഷ്യന്‍ അധികൃതര്‍ വാഗ്ദാനം മുന്നോട്ടുവെച്ചത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഇന്ത്യക്കാരെ ഉടന്‍ വിട്ടയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം റഷ്യ അംഗീകരിച്ചതിന് പിന്നാലെയാണ് വാഗ്ദാനം. കൊല്ലപ്പെട്ട ഗുജറാത്ത് സ്വദേശി ഹെമിലിന്റെ പിതാവ് മൃതദേഹം ഏറ്റുവാങ്ങാന്‍ റഷ്യയിലെത്തിയപ്പോള്‍ അധികൃതര്‍ 1.3 കോടി രൂപയും പൗരത്വവും വാഗ്ദാനം ചെയ്‌തെന്ന് പറയുന്നു.

ഈ വാഗ്ദാനം പിതാവ് സ്വീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ' ഇന്ത്യയിലെന്തുണ്ട്? എല്ലാം ശരിയായാല്‍ റഷ്യയിലേക്ക് മാറാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇന്ത്യന്‍ പൗരത്വം കളയാന്‍ പോലും ഞാന്‍ തയ്യാറാണ്'; ഹെമിലിന്റെ പിതാവ് പറഞ്ഞു. റഷ്യയിലേക്ക് പോയയുടനെ തനിക്ക് ബാങ്ക് അക്കൗണ്ട് ലഭിച്ചെന്നും ഉടന്‍തന്നെ 45 ലക്ഷം രൂപ അധികൃതര്‍ നല്‍കിയെന്നും റഷ്യന്‍ പൗരത്വം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു.

മരിച്ച മറ്റൊരു ഹൈദരാബാദ് സ്വദേശിയായ അസ്ഫാനിന്റെ അമ്മയ്ക്കും അധികൃതര്‍ സമാന വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായ നിരവധി ഇന്ത്യക്കാരില്‍ ഈ വര്‍ഷം മാത്രം നാല് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഏകദേശം അമ്പതോളം ഇന്ത്യക്കാരാണ് ജോലിതട്ടിപ്പിന്റെ ഇരകളായി റഷ്യയിലെത്തി സൈനികജോലി ചെയ്യുന്നത്, ഇവരില്‍ തിരുവനന്തപുരം സ്വദേശികളായ മലയാളി യുവാക്കളും ഉണ്ടായിരുന്നു.

Other News in this category



4malayalees Recommends