വിജയ വഴിയില്‍ വിഴിഞ്ഞമെന്ന് സിപിഐഎം, ഉമ്മന്‍ചാണ്ടിയെ മറക്കരുതെന്ന് കോണ്‍ഗ്രസ്; വിഴിഞ്ഞത്ത് ഫ്‌ലക്‌സ് പോര് മുറുകുന്നു

വിജയ വഴിയില്‍ വിഴിഞ്ഞമെന്ന് സിപിഐഎം, ഉമ്മന്‍ചാണ്ടിയെ മറക്കരുതെന്ന് കോണ്‍ഗ്രസ്; വിഴിഞ്ഞത്ത് ഫ്‌ലക്‌സ് പോര് മുറുകുന്നു
വിഴിഞ്ഞം പോര്‍ട്ടിന്റെ പേരില്‍ സ്ഥലത്ത് ഫ്‌ലക്‌സ് യുദ്ധം. പിണറായി വിജയന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഫ്‌ലക്‌സുകളാണ് ഇവിടെ ഉയര്‍ന്നിരിക്കുന്നത്. പദ്ധതി തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചാണ് ഇടത്, വലത് മുന്നണികളുടെ ഫ്‌ലക്‌സുകള്‍ ഉയര്‍ന്നത്.

വിജയവഴി വിഴിഞ്ഞം എന്നാണ് സിപിഐഎം ഫ്‌ലക്‌സില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ മറക്കരുത് എന്ന് കോണ്‍ഗ്രസ് ഫ്‌ലക്‌സിലൂടെ തിരിച്ചടിച്ചു.

വിഴിഞ്ഞം പദ്ധതിയുടെ അവകാശം ഉന്നയിച്ചുകൊണ്ടുള്ള ഫ്‌ലക്‌സുകള്‍ ഉയര്‍ന്നതോടെ ഈ പ്രദേശത്തെ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനോ നടക്കാനോ ഉള്ള സ്ഥലം പോലും ഇല്ലാതായി വീര്‍പ്പുമുട്ടുകയാണ്. പദ്ധതി പ്രദേശത്തിന്റെ മുന്നില്‍ പോലും പണി പൂര്‍ത്തിയായിട്ടില്ല. കണ്ടെയ്‌നര്‍ കൊണ്ടുപോകാനുള്ള റോഡ് ഇടുങ്ങിയതാണ്. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഒരു കിലോമീറ്റര്‍ പൂര്‍ത്തിയായാല്‍ നാലുവരി പാതയില്‍ എത്താം. വിഴിഞ്ഞം പോര്‍ട്ടിനോട് പ്രദേശവാസികള്‍ക്ക് സമ്മിശ്ര പ്രതികരണമാണ്. ഒരു ഗുണവും നമുക്കില്ലെന്ന് ഒരു വിഭാഗവും വികസനം വരേണ്ടത് തന്നെയെന്ന് മറ്റൊരു വിഭാഗവും പറയുന്നു.

അതേസമയം വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളും ചേര്‍ന്ന് ഇന്ന് സ്വീകരിക്കും. തുറമുഖത്തിലെ യാര്‍ഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

Other News in this category



4malayalees Recommends