നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 19 പെണ്‍കുട്ടികള്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുചാടി; കണ്ടെത്തി പൊലീസ്
നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും 19 പെണ്‍കുട്ടികള്‍ പുറത്ത് ചാടി. പാലക്കാട് മരുതറോഡ് കൂട്ടുപാതയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടികള്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടികളെ പൊലീസ് കണ്ടെത്തി.
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പോക്‌സോ കേസുകളിലെ അതിജീവിതകള്‍ അടക്കമുള്ളവരാണ് ജീവനക്കാര്‍ കാണാതെ പുറത്തു ചാടിയത്. കുട്ടികളെ കാണാത്തതിനെത്തുടര്‍ന്ന് കേന്ദ്രത്തിലെ അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്. കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.