ഇഡിയുടെ അന്വേഷണത്തെ കുറിച്ച് പ്രതികരിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. തനിക്ക് എതിരെ നടക്കുന്നത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമാണെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഇഡി ചോദിച്ച കാര്യങ്ങള്‍ക്കൊക്കെ കൃത്യമായ മറുപടി നല്‍കി. രേഖകള്‍ ഹാജരാക്കി. ഇഡി തെറ്റായതൊന്നും കണ്ടെത്തിയിട്ടില്ല. നിരവധി സ്ഥാപനങ്ങളില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും അതിലൊന്നാണ് ഇതെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.
കൂടാതെ ഇഡി ഈ മാസം തന്നെ അന്വേഷണം അവസാനിപ്പിക്കുമെന്ന് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോബി ചെമ്മണ്ണൂര്‍ നിക്ഷേപമായി നിരവധിയാളുകളില്‍ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നതും സംബന്ധിച്ച കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
നിക്ഷേപം സ്വീകരിക്കുന്നതിലും തുടര്‍ന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കള്ളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയില്‍ ഉളളത്. നിലവില്‍ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചിരുന്നു,