വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയില്‍ ഉമ്മന്‍ചാണ്ടി ; പിണറായി വിജയന്‍ പൂര്‍ണ്ണ സംഘിയായി മാറി ; വിമര്‍ശനവുമായി കെ മുരളീധരന്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി വിജയന്‍ പൂര്‍ണ്ണ സംഘിയായി മാറിയെന്നും വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയില്‍ ഉമ്മന്‍ചാണ്ടിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ബിജെപി മന്ത്രിയുടെ സാന്നിധ്യത്തില്‍ മന്‍മോഹന്‍സിംഗിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി വോട്ടുകള്‍ ബിജെപി വിഴുങ്ങുന്നു എന്ന സിപിഎം ആശങ്ക പിണറായിക്കില്ല.
തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ല. സ്പീക്കറുടേത് മാതൃകാപരമായ നിലപാടാണെന്നും കെ മുരളീധരന്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയെ സ്മരിച്ച ഷംസീറിന്റെ നിലപാടിനെയും കെ മുരളീധരന്‍ പ്രശംസിച്ചു.
പിണറായിയുടെ മുന്നില്‍ നിന്ന് പ്രസംഗിക്കാന്‍ പ്രയാസമുണ്ടാകുമെന്നും എങ്കിലും ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഷംസീര്‍ എടുത്തു പറഞ്ഞത് മാതൃകാപരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. എത്ര മായ്ക്കാന്‍ ശ്രമിച്ചാലും വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് തന്നെയാണ്. പല പദ്ധതികളെയും തടസ്സപ്പെടുത്തിയവര്‍ ഇന്ന് ക്രെഡിറ്റ് എടുക്കാന്‍ വരികയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.