'ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല, അപലപനീയം'; ട്രംപിന് നേരെയുണ്ടായ ആക്രമണത്തില്‍ ബൈഡന്‍

'ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല, അപലപനീയം'; ട്രംപിന് നേരെയുണ്ടായ ആക്രമണത്തില്‍ ബൈഡന്‍
തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ഇത് ക്ഷമിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

'ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാന്‍ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല'; ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ എതിരാളിയാണ് ട്രംപ്. വെടിയേറ്റ ട്രംപുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ചികിത്സയിലായതിനാല്‍ സാധിച്ചില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. ട്രംപിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹവുമായി സംസാരിക്കാന്‍ വീണ്ടും ശ്രമിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ഡബ്ല്യു ബുഷും ബരാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പെടെയുള്ള മറ്റ് പ്രമുഖരും ട്രംപിന് പിന്തുണ നല്‍കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തു. നമ്മുടെ ജനാധിപത്യത്തില്‍ രാഷ്ട്രീയ അക്രമത്തിന് സ്ഥാനമില്ലെന്ന് ഒബാമ പറഞ്ഞു. 'ട്രംപിന് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നതില്‍ നാമെല്ലാവരും ആശ്വസിക്കണം, മിഷേലും അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു', ഒബാമ എക്‌സില്‍ കുറിച്ചു.

തന്റെ സുഹൃത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വളരെയധികം ആശങ്കാകുലനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. 'എന്റെ സുഹൃത്ത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ആക്രമണത്തില്‍ അഗാധമായ ആശങ്കയുണ്ട്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,' മോദി കുറിച്ചു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില്‍ ഒരാളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ പങ്കെടുത്ത മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. . ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണമുണ്ടായപ്പോള്‍ വേഗത്തില്‍ ഇടപെട്ട സുരക്ഷാ സേനയ്ക്കും നിയമപാലകര്‍ക്കും ട്രംപ് നന്ദിപറഞ്ഞു.



Other News in this category



4malayalees Recommends