സമാനതകള്‍ ഇല്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുന്നതെന്ന് എഎ റഹിം എംപി. ഒരു നാടാകെ സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് ഒരു ജീവന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സംഭവ സമയം മുതല്‍ മേയര്‍,കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയില്‍പോലും രക്ഷപ്രവര്‍ത്തനം തുടരുകയാണ്.
ഫയര്‍ഫോഴ്‌സ്,റോബോട്ടിക് സാങ്കേതിക വിദ്യ,എന്‍ ഡി ആര്‍ എഫ്,പോലീസ്,നഗര സഭാ ജീവനക്കാര്‍,ഡി വൈ എഫ് ഐ വോളന്റിയര്‍മാര്‍ തുടങ്ങി ഒരു നാടാകെ കര്‍മ്മനിരതമാണ്. എന്നാല്‍ അപ്പോഴും തികഞ്ഞ നിസംഗതയാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.അപകടമുണ്ടായി 24 മണിക്കൂറായിട്ടും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെങ്കിലും സംഭവസ്ഥലത്ത് എത്തുകയോ രക്ഷാദൗത്യങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നില്ല. അതുമാത്രമല്ല രക്ഷാദൗത്യത്തിന് തടസ്സം ഉണ്ടാക്കുന്ന തരത്തിലാണ് റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍.
സ്വന്തം ജീവന്‍ മറന്ന് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സമീപത്ത്കൂടെ ട്രെയിന്‍ ബോധപൂര്‍വം കടത്തിവിട്ട റെയില്‍വേയുടെ നടപടി ഞെട്ടല്‍ ഉണ്ടാക്കി. ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ലഭ്യമായ ഉദ്യോഗസ്ഥരോട് രക്ഷപ്രവര്‍ത്തനത്തിന് സഹായകരമാകും വിധം ചില ട്രാക്കുകളിലെ റെയില്‍വേ ഗതാഗതം ക്രമീകരിക്കണം എന്ന് നിര്‍ദേശിച്ചിരുന്നതും അവര്‍ ഉറപ്പ് നല്‍കിയിരുന്നതുമാണ്. സംഭവത്തില്‍
അനുഭാവപൂര്‍ണ്ണമായ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഎ റഹിം എംപി പറഞ്ഞു.